
അറസ്റ്റിലായ പ്രതികൾ
കൊച്ചി: കള്ളനോട്ട് വിപണനം ചെയ്യുന്ന സംഘത്തിലെ നാലുപേർ പിടിയിൽ. തുറവൂർ പെരിങ്ങാംപറമ്പ് കൂരൻകല്ലുക്കാരൻ ജോഷി (51) നായത്തോട് കോട്ടയ്ക്കൽ വീട്ടിൽ ജിന്റോ (37) കാഞ്ഞൂർ തെക്കൻവീട്ടിൽ ജോസ് (48) മുളന്തുരുത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പിൽ വീട്ടിൽ അജിത് (26) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
25,000 രൂപയ്ക്ക് ഇരട്ടി തുകയുടെ കള്ളനോട്ട് നൽകുക എന്നതായിരുന്നു സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് 500 രൂപയുടെ നൂറ് വ്യാജ നോട്ടുകളും, വ്യാജ നോട്ടിന്റെ വിപണനത്തിന് കരുതിയിരുന്ന 1.25 ലക്ഷം രൂപയും പിടികൂടി. എസ്.പി. വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജോഷിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നോട്ട് കണ്ടെത്തിയത്.
അജിത്തിന്റെ മുളന്തുരുത്തിയിലെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന, കമ്പ്യൂട്ടർ, പ്രിന്റർ, ലാമിനേഷൻ മെഷീൻ, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പർ, പ്രിന്റിങ് പേപ്പർ, ഭാഗികമായി പ്രിന്റ് ചെയ്ത പേപ്പർ എന്നിവയും കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്.പി. അറിയിച്ചു.
ഡി.വൈ.എസ്.പിമാരായ പി.പി.ഷംസ്, പി.കെ.ശിവൻകുട്ടി, അങ്കമാലി ഇൻസ്പെക്ടർ പി.എം.ബൈജു, എസ്.ഐമാരായ എൽദോ പോൾ, ഷെഫിൻ, സുരേഷ് കുമാർ, എ.എസ്.ഐമാരായ സുരേഷ്, റജിമോൻ, എസ്.സി.പി.ഒ. സലിൻ കുമാർ, സി.പി.ഒമാരായ പ്രഭ, രജനി, അജിത എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
