ഒന്നിച്ച് മദ്യപിച്ച്, ഭക്ഷണം കഴിച്ച്, ഒരേ കട്ടിലില്‍ കിടന്നു; പിന്നെ നിഷ്കരുണം തലയ്ക്കടിച്ചു കൊന്നു

കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പുപൈപ്പ് മറയൂർ ചന്ദനഗോഡൗണിന് പിന്നിൽനിന്ന് കണ്ടെടുക്കുന്നു.
മറയൂർ: മറയൂർ പെരിയകുടിയിൽ ബന്ധുവായ രമേശിനെ (26) തലയ്ക്കടിച്ച് മൃഗീയമായി കൊന്ന കേസിലെ പ്രതി സുരേഷിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കമ്പി മറയൂർ ചന്ദന ഗോഡൗണിന് സമീപം ഉപേക്ഷിച്ചത് പ്രതി കാണിച്ചുകൊടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11-നാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ ശനിയാഴ്ച ഉച്ചയോടുകൂടി സമീപത്തുള്ള വനമേഖലയിൽനിന്ന് പിടികൂടിയിരുന്നു. സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രതിയുടെ മൊഴി. തെളിവെടുപ്പ് സമയത്തും തുടർന്നും യാതൊരുവിധ കുറ്റബോധവുമില്ലാതെയാണ് സുരേഷ് പെരുമാറിയത്. തെളിവെടുപ്പിനായി കുടിയിലെത്തിക്കുമ്പോൾ വളരെ കുറച്ചുപേർ മാത്രമേ കൊലപാതകംനടന്ന വീടിന് സമീപം എത്തിയുള്ളൂ.

മറയൂർ ഇൻസ്പെക്ടർ പി.റ്റി.ബിജോയ്, എ.എസ്.ഐ.മാരായ അനിൽ സെബാസ്റ്റ്യൻ, സുദീപ് നായർ, കെ.എം.ഷമീർ, എൻ.എസ്.സന്തോഷ്, റ്റി.എസ്.രാഹുൽ, സജു സൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

ഒന്നിച്ച് മദ്യപിച്ചു; ഒന്നിച്ച് ഭക്ഷണം കഴിച്ചു, ഒന്നിച്ചുറങ്ങി

സംഭവദിവസം വെള്ളിയാഴ്ച രമേശ് വാങ്ങിക്കൊണ്ടുവന്ന മദ്യം ഇരുവരും വീടിന്റെ പരിസരത്ത് കുടിച്ചു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. ഇതിനിടയിൽ സ്ഥലത്തിന്റെ കാര്യം ഉയർന്നുവന്നു. സ്ഥലംതന്നില്ലെങ്കിൽ കൊല്ലുമെന്നൊക്കെ രമേശ് പറഞ്ഞെങ്കിലും സുരേഷ് ഒന്നും സംസാരിച്ചില്ല. പിന്നീട്, സുരേഷിന്റെ വീട്ടിൽ ഒരുകട്ടിലിൽ ഒന്നിച്ചുകിടന്നു.

രമേശ് ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം സമീപം പണിതുകൊണ്ടിരുന്ന വീട്ടിൽനിന്ന് ആണിപറിക്കുന്ന ഒരുകമ്പിയും ഒരു ഇരുമ്പുപൈപ്പും കൊണ്ടുവന്ന്, നല്ല ഉറക്കത്തിലായിരുന്ന രമേശിന്റെ തലയ്ക്ക് ഇരുമ്പുപൈപ്പുകൊണ്ട് നിരവധി തവണ അടിച്ചു. ആദ്യത്തെ അടിയിൽതന്നെ ഒന്ന് അനങ്ങാൻപോലും കഴിയാതെയായി രമേശ്. പിന്നീട് ആണിപറിക്കുന്ന കമ്പി വായിൽകൂടി കുത്തിയിറക്കി. കൃത്യം നടത്തിയശേഷം ഇരുമ്പുപൈപ്പുമായി പുറത്തിറങ്ങിയ സുരേഷ് നടന്ന് മറയൂർ മേഖലയിൽ വന്നു. സമീപവാസികൾ കുടിയിലുള്ളവരെയും പോലീസിനെയും വിവരമറിയിച്ചു.

രാത്രി 12.30-ന് പോലീസ് സംഘം കുടിയിലെത്തിയപ്പോഴേക്കും രമേശ് മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഫൊറൻസിക് സർജൻ ജെയിംസ്കുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹ പരിശോധനാ നടപടികൾ പൂർത്തികരിച്ചു. ഞായറാഴ്ച തീർഥമലക്കുടി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മറയൂർ ചന്ദനഗോഡൗണിന് പിന്നിൽനിന്നാണ് ഇരുമ്പുപൈപ്പ് കണ്ടെത്തിയത്

ഒന്നിച്ച് മദ്യപിച്ച്, ഭക്ഷണം കഴിച്ച്, ഒരേ കട്ടിലില്‍ കിടന്നു; പിന്നെ നിഷ്കരുണം തലയ്ക്കടിച്ചു കൊന്നു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes