
വെറും 15 മിനിറ്റ് യാത്രയ്ക്ക് യുകെ സ്വദേശിയായ ഒരാൾക്ക് ഉബർ നൽകിയ ബില്ല് 32 ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ തുകയാണ്. കേൾക്കുമ്പോൾ ആശ്ചര്യം തോന്നാം. മാഞ്ചസ്റ്റർ സ്വദേശിയാ 22 കാരനായ ഒളിവർ കാപ്ലനാണ് ഉബറിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്.
വിച്ച് വുഡിലെ ഒരു പബ്ബിൽ തന്റെ സുഹൃത്തുക്കളെ കാണാൻ പോവുകയായിരുന്നു ഒളിവർ. അയാൾ നിൽക്കുന്ന സ്ഥലത്ത് നിന്നും വെറും 15 മിനിറ്റ് യാത്ര ചെയ്താൽ എത്തുന്ന സ്ഥലം. ആപ്പിൽ കാണിച്ച തുക 11-12 ഡോളറാണ്.
എന്നാൽ പിറ്റേ ദിവസം ഫോണിൽ യാത്രയുടെ ബില്ല് കണ്ട ഒളിവർ ഞെട്ടി. 39,317 ഡോളറിന്റെ ബിൽ ആണ് ഉബർ അയച്ചത്. സ്ഥിരമായി ഉബറിൽ യാത്ര ചെയ്യാറുള്ളയാളാണ് ഒളിവർ. കഴിഞ്ഞ യാത്രയും സാധാരണ പോലെ തന്നെയായിരുന്നു.
ഉടൻ തന്നെ അദ്ദേഹം ഉബറിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് കാര്യം പറഞ്ഞു. ചെറിയൊരു യാത്രയ്ക്ക് ഇത്രയും വലിയ ബില്ല് വന്നതെങ്ങനെയാണ്? തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കാര്യം പിടികിട്ടിയത്.
ഉബറിന്റെ ഒരു സാങ്കേതിക പിഴവായിരുന്നു കാരണം. ഒളിവർ ഇറങ്ങേണ്ട സ്ഥലപ്പേരിലുള്ള ഓസ്ട്രേലിയയിലുള്ള മറ്റൊരു സ്ഥലത്തിന്റെ പേരാണ് ലക്ഷ്യസ്ഥാനമായി ഉബറിൽ സെറ്റ് ചെയ്യപ്പെട്ടത്.
എന്തായാലും ഒളിവറിന്റെ അക്കൗണ്ടിൽ അത്രയേറെ പണം ഇല്ലാതിരുന്നതിനാൽ പണം കൈമാറ്റം ചെയ്യപ്പെട്ടില്ല. പകരം ഇക്കാര്യം അറിയിച്ച് ഉബർ സന്ദേശം അയക്കുകയായിരുന്നു.
ഇത്തരം സംഭവം ആദ്യമല്ല. 2020 ൽ മദ്യപിച്ചെത്തിയ ഒരു ബ്രിട്ടിഷ് വിദ്യാർത്ഥി ഉബറിൽ യാത്ര ചെയ്യേണ്ട സ്ഥലം തെറ്റായി നൽകി. അഞ്ച് മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന അത്രയും ദൂരത്തുള്ള ഒരു സ്ഥലമാണ് അയാൾ നൽകിയത്. മദ്യപിച്ച് യാത്രയിലുടനീളം ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ ഡ്രൈവർ കൃത്യമായി ആ സ്ഥലത്തെത്തിച്ചു. ഈ യാത്രയ്ക്ക് ഏകദേശം 1700 ഡോളറാണ് നൽകേണ്ടി വന്നത്. ഇത് ഏകദേശം 1,40,075 രൂപ വരും ഇത്.
