
ടൂറിസ്റ്റ് ബസുകളില്‍ യൂണിഫോം കളര്‍കോഡ് നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. സാവകാശം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ബസ് ഉടമകളെ അറിയിച്ചു. തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. സാവകാശം തേടി ബസ് ഉടമകള്‍ ഗതാഗതമന്ത്രിയെ കണ്ട് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിരാശയെന്ന് ടൂറിസ്റ്റ ബസുടമകള്‍. ഒരൊറ്റ രാത്രി കൊണ്ട് കളര്‍ കോഡ് നടപ്പാക്കണമെന്ന് പറയുന്നത് ബുദ്ധിമുട്ടെന്നും ഉടമകള്‍ പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത ഉടന്‍ ഏറ്റെടുക്കുക ബുദ്ധിമുട്ടാണ്. അടുത്ത ഫിറ്റ്നസ് ടെസ്റ്റുവരെ സാവകാശം വേണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
നിയമ ലംഘനം തടയാൻ മാനദണ്ഡങ്ങൾ കർശനമാക്കിയ സാഹചര്യത്തില്‍ ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഇന്നുമുതല്‍ സർവീസ് നടത്താനാവില്ല. അനധികൃത ലൈറ്റ്, ശബ്ദ സംവിധാനം, രൂപമാറ്റം തുടങ്ങിയവയ്ക്ക് അയ്യായിരത്തിൽ നിന്ന് പതിനായിരമായി വർധിപ്പിച്ച പിഴയും ഇന്ന് മുതൽ ഈടാക്കിയേക്കും.
