sports

കേപ്ടൗണില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ബുംറയ്ക്ക് 6 വിക്കറ്റ്; പരമ്പര സമനിലയില്‍

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം. ഒന്നരദിവസത്തിനിടെ 33 വിക്കറ്റുകള്‍ നിലംപൊത്തിയ മല്‍സരത്തില്‍ ഇന്ത്യ വിജയലക്ഷ്യമായ 78 റണ്‍സ് വെറും 12 ഓവറില്‍ മറികടന്നു. 28 റണ്‍സ് നേടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാളും പുറത്താകാതെ 17 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയെ അനായാസജയത്തിലേക്ക് നയിച്ചത്. ശുഭ്മന്‍ ഗില്‍ പത്തും കോലി പന്ത്രണ്ടും റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി റബാഡ, ബര്‍ഗര്‍, ജാന്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തേ ജസ്പ്രീത് ബുംറയുടെ തീപ്പന്തുകള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സില്‍ 176 റണ്‍സിന് പുറത്തായി. ബംുറ 13.5 ഓവറില്‍ 61 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിങ്സില്‍ മുഹമ്മദ് സിറാജ് പുറത്തെടുത്ത പ്രകടനത്തിന്റെ തനിയാവര്‍ത്തനം! സിറാജ് രണ്ടാമിന്നിങ്സില്‍ ഒരുവിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാര്‍ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒന്നും വിക്കറ്റ് നേടി.

ഇതോടെ രണ്ട് മല്‍സരങ്ങള‍ടങ്ങിയ ടെസ്റ്റ് പരമ്പര സമനിലയിലായി. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്സിനും 32 റണ്‍സിനും ജയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button