
ജസ്റ്റിസ് ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഢ് ഇന്ത്യയുടെ 50മത് ചീഫ് ജസ്റ്റിസായേക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് തന്റെ പിന്‍ഗാമിയായി ഡി വൈ ചന്ദ്രചൂഢിന്‍റെ പേര് നിയമമന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തു. പുതിയ ചീഫ് ജസ്റ്റിസ് നവംബര്‍ ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ ഡി വൈ ചന്ദ്രചൂഢ് രണ്ടു വര്‍ഷമുണ്ടാകും.
ജസ്റ്റിസ് യു.യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് നവംബര്‍ 8ന് വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടത് ആരെന്ന് ശുപാര്‍ശ ചെയ്യാന്‍ നിയമമന്ത്രാലയം വെള്ളിയാഴ്ച്ച ചീഫ് ജസ്റ്റിസ് യു.യു ലളിതിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ10.15ന് സുപ്രീംകോടതിയിലെ ജഡ്ജസ് ലോഞ്ചില്‍ ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ ശുപാര്‍ശയുടെ പകര്‍പ്പ് കൈമാറി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് 2024 നവംബര്‍ 10വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തുടരും. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഢ് 2016 മേയ് 13നാണ് സുപ്രീംകോടതി ജഡ്ജി ആയി ചുമതലയേറ്റത്. അയോധ്യ ഭൂമി തര്‍ക്കം, ശബരിമല യുവതീപ്രവേശം തുടങ്ങി സുപ്രധാന കേസുകളില്‍ വിധി പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്നു.
ആധാര്‍ക്കേസില്‍ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് എഴുതിയ ഭിന്നവിധിയും ശ്രദ്ധയമായിരുന്നു. അവിവാഹിതര്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് ഉത്തരവിട്ടത് ചന്ദ്രചൂഢിന്‍റെ ബെഞ്ചായിരുന്നു. കോടതി വാദം കേള്‍ക്കല്‍ വെര്‍ച്വലാക്കിയതിലും ഭരണഘടന ബെഞ്ചിന്‍റെ നടപടി ലൈവ് സ്ട്രീമിങ് നടത്തിയതിലും നിര്‍ണായക പങ്കുവഹിച്ചു. ഡി.വൈ ചന്ദ്രചൂഡിന്‍റെ പിതാവ് വൈ.വി ചന്ദ്രചൂഢ് ഇന്ത്യയുടെ 16മത് ചീഫ് ജസ്റ്റിസ് ആയിരുന്നു.
