
മംഗളൂരു: ക്ഷേത്രോത്സവത്തിൽ എഴുന്നള്ളിച്ച സിഡിരണ്ണ വിഗ്രഹം തൊട്ട് അശുദ്ധമാക്കി എന്ന കുറ്റത്തിന് വൻതുക പിഴ ചുമത്തപ്പെട്ട ദലിത് കുടുംബത്തെ ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധി.
ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുൽ കുടുംബത്തെ കണ്ടത്. കോലാർ ജില്ലയിൽ ഉല്ലെറഹള്ളി ക്ഷേത്രത്തിലെ ഭൂതമ്മോത്സവ ഘോഷയാത്ര വീക്ഷിക്കുകയായിരുന്ന ദലിത് വിഭാഗത്തിലെ ചേതൻ (15) ആണ് വിഗ്രഹത്തോട് ചേർന്ന ധ്രുവത്തിൽ തൊട്ടത്. തുടർന്ന് 60,000 രൂപ പിഴയടക്കാൻ ക്ഷേത്രം ഭാരവാഹികൾ ദലിത് ബാലന്റെ മാതാവ് ശോഭയോട് ആജ്ഞാപിക്കുകയായിരുന്നു.
കഴിഞ്ഞ മാസം എട്ടിന് നടന്ന ഘോഷയാത്രയിൽ ചേതന്റെ പ്രവൃത്തി ശ്രദ്ധയിൽപെട്ട ഗ്രാമീണൻ വിവരം നൽകിയതനുസരിച്ച് പിറ്റേന്ന് ശോഭയെ വിളിപ്പിച്ചായിരുന്നു നിർദേശം. ഈ മാസം ഒന്നിനകം പിഴയടച്ചില്ലെങ്കിൽ ഗ്രാമത്തിൽനിന്ന് പുറത്താക്കും എന്ന് താക്കീതും നൽകി. 300 രൂപ ദിവസക്കൂലിയിൽ വീട്ടുജോലി ചെയ്യുന്ന തനിക്ക് ഇത്രയും തുക തരാനാവില്ലെന്നും 5000 രൂപയായി കുറക്കണമെന്നും ശോഭ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.
സംഭവം പിന്നീട് വിവാദമാവുകയും ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. തുമകൂരു ജില്ലയിലൂടെ ഭാരത് ജോഡോ യാത്ര സഞ്ചരിച്ച തിങ്കളാഴ്ച ദലിത് കുടുബത്തെ രാഹുൽ ഗാന്ധി ക്ഷണിക്കുകയായിരുന്നു. തൊട്ടുകൂടായ്മയും അയിത്താചരണവും സാമൂഹിക പരിഷ്കരണത്തിൽ തൂത്തെറിയപ്പെട്ട ദുരാചാരമാണെന്ന് രാഹുൽ ഗാന്ധി ചേതന്റെ രക്ഷിതാക്കളോട് പറഞ്ഞു. നിയമവിരുദ്ധ പ്രവൃത്തിയാണ് നിങ്ങൾക്ക് നേരെയുണ്ടായത്. താനും കോൺഗ്രസ് പാർട്ടിയും ഒപ്പമുണ്ടാവും എന്നും രാഹുൽ കൂട്ടിച്ചേർത്തു.
സംഭവത്തോടെ താൻ മനസ്സിലും വീട്ടിലും വെച്ച സകല ദൈവങ്ങളെയും പറിച്ചെറിഞ്ഞതായി ശോഭ രാഹുലിനോട് പറഞ്ഞു. ‘ആളുകളുടെ മുന്നിലിട്ട് മോനെ അവർ തലങ്ങും വിലങ്ങും തല്ലിയപ്പോൾ തടയാൻ ഒരു കൈയും പൊങ്ങിയില്ല. ദൈവങ്ങളും രക്ഷകരായില്ല. അംബേദ്കറും ഇപ്പോൾ അങ്ങും മാത്രമാണ് മനസ്സിൽ’ -അവർ സാരിത്തുമ്പിൽ കണ്ണുകൾ തുടച്ചു പറഞ്ഞു.
