വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കാം ; അമിതമായാല്‍ മരണം

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്നതിലും അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും ശരീര താപനില നിയന്ത്രിക്കുന്നതിലുമൊക്കെ വെള്ളത്തിന്റെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ വെള്ളം അമിതമായാലും ശരീരത്തിന് അപകടമാണ്.
ശരീരത്തിലെ അമിതമായ ജലാംശം രക്തത്തിലെ സോഡിയത്തിന്റെ തോത് കുറയ്ക്കുന്നത് ഹൈപോനാട്രീമിയക്ക് കാരണമാകുന്നു. ഇത് തലവേദന, ഛര്‍ദ്ദി, ഓക്കാനം, ചുഴലി രോഗം എന്നിവയിലേക്ക് നയിക്കാന്‍ കാരണമാകുന്നു. ഇതുമാത്രമല്ല, ഒരാളെ കോമയിലേക്കും മരണത്തിലേക്കും വരെ എത്തിക്കാന്‍ അമിതമായ വെള്ളം കാരണമാകുന്നുവെന്ന് ആകാശ് ഹെല്‍ത്ത്‌കെയര്‍ ഡയറക്ടറും സീനിയര്‍ കണ്‍സൽറ്റന്റുമായ ഡോ. ഉമേഷ് ഗുപ്ത ദ ഹെല്‍ത്ത്‌സൈറ്റ്. കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
വൃക്കകള്‍ക്ക് മൂത്രത്തിലൂടെ പുറന്തള്ളാവുന്ന വെള്ളത്തിന് ഒരു പരിധിയുണ്ട്. ഇതിനും മുകളില്‍ ജലം ഉളളിലെത്തുമ്പോഴാണ് അതൊരു പ്രശ്നമായി തീരുന്നത്. ഒരു മണിക്കൂറില്‍ വൃക്കകള്‍ക്ക് അരിച്ചു കളയാവുന്ന വെള്ളത്തിന്‍റെ അളവ് 0.8 മുതല്‍ ഒരു ലീറ്റര്‍ വരെയാണ്. ഇതിന് മുകളിലുള്ള അളവില്‍ വെള്ളം കുടിച്ചാല്‍ വൃക്കകള്‍ക്ക് അവയെ നീക്കം ചെയ്യാന്‍ സാധിക്കാതെ വരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്നോ നാലോ ലീറ്റര്‍ വെള്ളം കുടിക്കുന്നവരില്‍ ഹൈപോനാട്രീമിയയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ഭക്ഷണത്തിലൂടെയും സ്‌പോര്‍ട്‌സ് ഹൈഡ്രേഷന്‍ പാനീയങ്ങളിലൂടെയും സോഡിയം പോലുള്ള അവശ്യ ഇലക്ട്രോളൈറ്റുകള്‍ ഉള്ളിലെത്തിക്കാതെ വെറുതേ വെള്ളം മാത്രം തുടര്‍ച്ചയായി കുടിച്ചു കൊണ്ടിരിക്കുന്നതും ഹൈപോനാട്രീമിയക്ക് കാരണമാകാം.
ഒരാളുടെ ശരീരഭാരം, കാലാവസ്ഥ, ശാരീരിക അധ്വാനത്തിന്റെ തോത്, മുലയൂട്ടല്‍ പോലുള്ള പല ഘടകങ്ങളും അനുസരിച്ചാണ് ശരീരത്തിന് ആവശ്യമായ വെള്ളത്തിന്റെ ശരിയായ അളവ് നിശ്ചയിക്കുന്നത്. പുരുഷന്മാര്‍ പ്രതിദിനം 3.7 ലീറ്ററും സ്ത്രീകള്‍ പ്രതിദിനം 2.7 ലീറ്ററും വെള്ളം കുടിക്കണമെന്നാണ് യുഎസ് നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ്, എന്‍ജിനീയറിങ് ആന്‍ഡ് മെഡിസിന്‍ നിര്‍ദ്ദേശിക്കുന്നത്. മറ്റ് ഭക്ഷണ, പാനീയങ്ങളില്‍ നിന്നും ശരീരത്തിന് ജലം ലഭിക്കുന്നുണ്ട് എന്ന കാര്യവും പരിഗണിക്കേണ്ടതാണ്.
