crime

ഇടുക്കി കട്ടപ്പനയിൽ മുക്കുപണ്ടം പണയപ്പെടുത്തി; ധനകാര്യ സ്ഥാപനങ്ങളിൽ തട്ടിയത് ലക്ഷങ്ങൾ

ഇടുക്കി കട്ടപ്പനയിൽ മുക്കുപണ്ടം പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ . ഇടുക്കി സ്വദേശികളായ നാലു പേരെയാണ് ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒറിജിനലിനെ വെല്ലുന്ന തരത്തിൽ മുക്കുപണ്ടം നിർമിച്ചാണ് സംഘത്തിൻറെ തട്ടിപ്പുരീതി എന്ന് പൊലീസ് പറഞ്ഞു. കട്ടപ്പന കാഞ്ചിയാർ പുത്തൻപുരയ്ക്കൽ റൊമാറിയോ ടോണി,മുളകരമേട് പാന്തേഴാത്ത് ശ്യാംകുമാർ ഹരിദാസ്, കട്ടപ്പന പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണൻ,അണക്കര അരുവിക്കുഴി സിജിൻ മാത്യു എന്നിവരാണ് പിടിയിലായത്. കട്ടപ്പന,കുമളി, അണക്കര എന്നിവിടങ്ങൾക്ക് പുറമേ തമിഴ്നാട്ടിലെ കമ്പത്തും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്ക് പണ്ടം പണയം വെച്ച് സംഘം പണം തട്ടിയിരുന്നു. പ്രതികളിൽ ഒരാളായ ശ്യാം കുമാർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിരീക്ഷണം. പിന്നാലെ ശ്യാം കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ സ്വർണ്ണം പണയപ്പെടുത്തിയതിന്റെ രസീതുകൾ ലഭിച്ചു. ഇതിന് ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ റൊമാരിയോ ടോണിയിലേക്ക് പൊലീസ് എത്തുന്നത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള മുക്കുപണ്ടം ആയിരുന്നു റൊമാരിയോ തട്ടിപ്പിന് ഉപയോഗിച്ചത്.. തട്ടിപ്പുകൾക്കെല്ലാം നേതൃത്വം നൽകിയിരുന്നത് റൊമാരിയോ തന്നെ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുക്കുപണ്ടം നിർമ്മിക്കുന്നതിനായി ഒരു സ്വർണ്ണപ്പണിക്കാരനെയാണ് റൊമാരിയോ സമീപിച്ചിരുന്നത്. പണിക്കാരന് ഒരു സ്വർണാഭരണം നിർമ്മിക്കുന്നതിന് ഇയാൾ നൽകിയിരുന്നത് 6500 രൂപ. പിന്നാലെ പണയം വയ്ക്കുന്നവർക്ക് 2000 രൂപ പ്രതിഫലവും നൽകും . ഇങ്ങനെ ഇടുക്കിയിൽ മാത്രം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് കാൽ കോടിയിലധികം രൂപ പ്രതികൾ കൈക്കലാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് സംശയം.കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button