തൊടുപുഴയില്‍ വീടുപണി മറയാക്കി പാറ പൊട്ടിച്ചു; മാരക സ്ഫോടക വസ്തുശേഖരം പിടികൂടി

തൊടുപുഴയില്‍ വീട് നിര്‍മാണത്തിന്‍റെ മറവില്‍ പാറഖനനത്തിന് ഉപയോഗിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള മാരക സ്ഫോടക വസ്തുശേഖരം പിടികൂടി പൊലീസ്. ഇടുക്കി, കോട്ടയം ജില്ലക്കാരായ നാല് പേരെ കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പാറ പൊട്ടിച്ച് കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് പ്രതികളും സ്ഫോടകവസ്തുക്കളും പിടിയിലായത്.
തൊടുപുഴ പുറപ്പുഴയിലെ പത്ത് സെന്‍റ് ഭൂമിയില്‍ വീട് നിര്‍മാണത്തിന് േവണ്ടി പാറ ഖനനം ചെയ്യാന്‍ മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പൊട്ടിച്ച പാറ ഇവിടെ നിന്ന് കൊണ്ടുപോകാന്‍ മാത്രം അനുമതിയുണ്ടായിരുന്നില്ല.. ഇത് ലംഘിച്ച് പാറ സ്ഫോടനം നടത്തി പൊട്ടിച്ച് കടത്തുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പരിശോധിക്കാനെത്തിയപ്പോള്‍ ലഭിച്ചത് 40 ജലാറ്റിന്‍ സ്റ്റിക്കുകളും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളുമടങ്ങുന്ന ശേഖരമെന്ന് പൊലീസ്. ഒപ്പം സ്പാര്‍ക്ക് മെഷീനും ജെസിബിയും ജാക്ക് ഹാമറും പിടിച്ചു.
തൊടുപുഴ കരിങ്കുന്നം സ്വദേശി ജോമോന്‍ ജോണ്‍, കഞ്ഞിക്കുഴി സ്വദേശി ബേസില്‍ ജോയി, മണക്കാട് സ്വദേശി ഷിബു, കോട്ടയം മൂന്നിലവ് സ്വദേശി സജി സ്റ്റീഫന്‍ എന്നിവരാണ് കരിങ്കുന്നം പൊലീസിന്‍റെ പിടിയിലായത്. രാത്രിയുടെ മറവില്‍ ഉഗ്രശബ്ദത്തില്‍ സ്ഫോടനം നടത്തിയായിരുന്നു ഖനനം. സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. മനുഷ്യജീവന് അപകടകരമായ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിന് സ്ഫോടക വസ്തു നിരോധന നിയമ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
