‘പ്രണയാഭ്യര്‍ഥനയുമായി യുവാവ് ശല്യം ചെയ്തു; ഭീഷണിപ്പെടുത്തി’; രാഖിശ്രീയുടെ കുടുംബം

പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയതിന് പിന്നാലെ ചിറയിന്‍കീഴില്‍ പെണ്‍കുട്ടി ജീവനൊടുക്കിയതില്‍ വെളിപ്പെടുത്തലുകളുമായി കുടുംബം. പ്രണയാഭ്യര്‍ഥനയുമായി പിന്നാലെ കൂടിയ യുവാവിന്റെ ഭീഷണിയും ശല്യവും സഹിക്കവയ്യാതെയാണ് മകള്‍ ജീവിതം അവസാനിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചിറയിന്‍കീഴ് സ്വദേശിയായ 28കാരന്‍ മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും കൂടെ ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണിയെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.
ആറുമാസം മുന്‍പ് ഒരു ക്യാംപില്‍ വച്ചാണ് രാഖിശ്രീയെ യുവാവ് പരിചയപ്പെട്ടത്. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് ഇയാള്‍ മൊബൈല്‍ ഫോണ്‍ നല്‍കിയെന്നും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയെന്നും രാജീവിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. എസ്.എസ്.എല്‍.സി ഫലം വരുന്ന ദിവസം ബസ് സ്റ്റോപില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി രാഖിശ്രീ വിജയം ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളില്‍ എത്തിയിരുന്നു. വൈകുന്നേരത്തോടെയാണ് വീടിനുള്ളിലെ മുറിയില്‍ രാഖിശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
