ഗില്ലിന്റെ സെഞ്ചറിക്കരുത്തില്‍ ഗുജറാത്തിന് ജയം; ബാംഗ്ലൂര്‍ പുറത്ത്; മുംബൈ പ്ലേ ഓഫില്‍

ഐപിഎലിലെ അവസാന ലീഗ് മല്‍സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗുജറാത്ത് ടൈറ്റൻസിന് മുന്നില്‍ വീണു. പ്ലേഓഫ് ഉറപ്പിക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആറു വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് തോറ്റത്. ഇതോടെ ബാംഗ്ലൂർ ഐപിഎലിൽനിന്നു പുറത്തായി. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസ്, നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നു. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് – ചെന്നൈ പോരാട്ടം. ആദ്യ എലിമിനേറ്ററില്‍ ലക്നൗ മുംബൈയെ നേരിടും. ബാംഗ്ലൂർ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ജയത്തോടെ 20 പോയിന്റായ ഗുജറാത്തിന് കൂടുതൽ ആത്മവിശ്വാസത്തോടെ ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാം. സെഞ്ചറി തികച്ച ഓപ്പണർ ശുഭ്മാൻ ഗിൽ (52 പന്തിൽ 104*), വിജയ് ശങ്കർ (35 പന്തിൽ 53) എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായത്. മറുപടി ബാറ്റിങ്ങിൽ, വൃദ്ധിമാൻ സാഹയും (14 പന്തിൽ 12), ശുഭ്മാൻ ഗില്ലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിനു നൽകിയത്. മൂന്നാം ഓവറിൽ സാഹയെ പുറത്താക്കി സിറാജ് ബാംഗ്ലുരിനു ബ്രേക്ക്ത്രൂ നൽകി.
എന്നാൽ രണ്ടാം വിക്കറ്റിൽ ഗില്ലും വിജയ് ശങ്കറും ഒന്നിച്ചതോടെ ബാംഗ്ലൂർ മത്സരം കൈവിട്ടു. ഇരുവരും ചേർന്ന് 123 റണ്‍സാണ് കൂട്ടിച്ചേർത്തത്. എട്ടു സിക്സും അഞ്ചും ഫോറും സഹിതമാണ് ശുഭ്മാൻ ഗിൽ സീസണിൽ രണ്ടാം സെഞ്ചറി തികച്ചത്. രണ്ടു സിക്സും ഏഴും ഫോറുമാണ് വിജയ് ശങ്കറിന്റെ ബാറ്റിൽനിന്നു പിറന്നത്. 15–ാം ഓവറിൽ വി.വൈശാഖാണ് വിജയ് ശങ്കറിനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ പിന്നാലെയെത്തിയ ദസുൻ ശനകയും (പൂജ്യം) പുറത്തായി. 18–ാം ഓവറിൽ ഡേവിഡ് മില്ലറിനെയും (7 പന്തിൽ 6) സിറാജ് പുറത്തായതോടെ ഗുജറാത്ത് ചെറുതായൊന്നു പരുങ്ങി.
അവസാന ഓവറിൽ എട്ടു റൺസാണ് ഗുജറാത്തിന് വിജയത്തിനായി വേണ്ടിയിരുന്നത്. എന്നാൽ വെയ്‌ൻ പാർണൽ എറിഞ്ഞ ആദ്യ പന്തു തന്നെ വൈഡായി. അടുത്ത പന്ത് നോബോൾ ആയതോടെ വിജയലക്ഷ്യം ആറു പന്തിൽനിന്ന് ആറ് എന്ന നിലയിലായി. 98* എന്ന റൺസിൽ നിന്ന ഗിൽ അടുത്ത പന്ത് സിക്സർ പറത്തിയതോടെ ഗുജറാത്തിന് മിന്നും ജയം. കൂടാതെ ഗില്ലിന് സീസണിലെ രണ്ടാം സെഞ്ചറിയും. രാഹുൽ തെവാത്തിയയെ (5 പന്തിൽ 4*) പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വി.വൈശാഖ്, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴത്തി.
വിരാട് കോലിയുടെ സെഞ്ചറി മികവിലാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മികച്ച സ്കോർ കണ്ടെത്തിയത്. ആദ്യം ബാറ്റു ചെയ്സ് ആർസിബി, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 197 റൺസെടുത്തത്. 61 പന്തിൽ ഒരു സിക്സും 13 ഫോറും സഹിതം 101 റൺസെടുത്ത വിരാട് കോലി പുറത്താകാതെ നിന്നു. സീസണിൽ കോലിയുടെ തുടർച്ചയായ രണ്ടാം സെഞ്ചറിയാണിത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും കോലി സെഞ്ചറി നേടിയിരുന്നു. ഐപിഎലിൽ ഏറ്റവുമധികം സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി. ആറു സെഞ്ചറികളുള്ള ക്രിസ് ഗെയിലിന്റെ റെക്കോർഡാണ് ഏഴാം സെഞ്ചറി നേട്ടത്തിലൂടെ കോലി തിരുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനു മികച്ച തുടക്കമാണ് ലഭിച്ചത്. വിരാട് കോലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും (19 പന്തിൽ 28) ചേർന്ന് ഒന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 62 റൺസെന്ന നിലയിലായിരുന്നു ബാംഗ്ലൂർ. എട്ടാം ഓവറിൽ ഡുപ്ലെസിയെ പുറത്താക്കി നൂർ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.
എന്നാൽ ഇതിനുശേഷമെത്തിയ ബാറ്റർമാർക്ക് ആർക്കും ഏറെ നേരം പിടിച്ചുനിൽക്കാനായില്ല. ഗ്ലെൻ മാക്‌സ്‌വെൽ (5 പന്തിൽ 11), മഹിപാൽ ലോംറോർ (3 പന്തിൽ 1), മൈക്കൽ ബ്രേസ്‌വെൽ (16 പന്തിൽ 26), ദിനേഷ് കാർത്തിക് (പൂജ്യം) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ. ഒരറ്റത്ത് പിടിച്ചുനിന്ന വിരാട് കോലിയാണ് ബാംഗ്ലൂർ സ്കോർ മുന്നോട്ടു നയിച്ചത്. ഏഴാമനായി ഇറങ്ങിയ അനൂജ് റാവത്തിനെ (15 പന്തിൽ 23*) കൂട്ടുപിടിച്ചാണ് കോലി, ബാംഗ്ലൂർ സ്കോർ 190 കടത്തിയത്. ഗുജറാത്തിനായി നൂർ അഹമ്മദ് രണ്ടു വിക്കറ്റും റാഷിദ് ഖാൻ, മുഹമ്മദ് ഷമി, യഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
