kerala
മലയോര മേഖലകളില്‍ മഴ ശക്തം; പാലം ഒലിച്ചുപോയി; മരംവീണ് വീടുകള്‍ തകര്‍ന്നു

സംസ്ഥാനത്ത് വ്യാപകമായി മഴ. മലയോര മേഖലിലാണ് ശക്തമായ മഴ ലഭിക്കുന്നത്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റും പലസ്ഥലത്തും ഉണ്ടായി. തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴലഭിച്ചു. കോഴിക്കോടിന്റെ മലയോര മേഖലയിലെ കനത്ത മഴയെത്തുടര്‍ന്ന് തിരുവമ്പാടി പുന്നയ്ക്കലിൽ താത്കാലികപാലം ഒലിച്ചുപോയി. കുറ്റ്യാടി, തൊട്ടില്‍പ്പാലം മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നഷ്ടം. കാവിലുംപാറ പഞ്ചായത്തില്‍ മരംവീണ് മൂന്നുവീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അഞ്ചുവീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മലയോരത്തേക്കുള്ള മിക്ക റൂട്ടുകളിലും ഗതാഗത തടസം ഉണ്ട്. പലയിടങ്ങിലും വൈദ്യുതി ബന്ധം താറുമാറായി.
