‘സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു; കൊലപാതകം ഹണിട്രാപ് ശ്രമത്തിനിടെ’

കോഴിക്കോട് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പിൽപ്പെടുത്തി. സിദ്ദിഖിനെ ഹോട്ടലിലെയ്ക്ക് വിളിച്ചു വരുത്തിയത് പ്രതി ഫര്‍ഹാനയാണ്. 3 പ്രതികളും ചേർന്ന് നടത്തിയ ആസൂത്രണത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.
സിദ്ദീഖിന്‍റെ കയ്യിൽ നിന്ന് പണം തട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഫർഹാനയുടെ നേതൃത്വത്തിൽ ആസൂത്രണം നടന്നത്. ഫർഹാനയുടെ നിർദേശപ്രകാരം സിദ്ദീഖാണ് മുറി ബുക്ക് ചെയ്തത്. 18 ന് മുറിയിലെത്തിയ സിദ്ദീഖിനെ മൂവരും ചേർന്ന് നഗ്നരാക്കി ചിത്രങ്ങൾ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ ഫർഹാന കയ്യിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ദീഖിന്‍റെ തലയിൽ 2 വട്ടം അടിച്ചു. നിലത്തു വീണ സിദ്ദീഖിനെ ആഷിഖ് ചവിട്ടി മരണം ഉറപ്പാക്കി. പുറത്തു നിന്ന് ഇലക്ട്രിക് കട്ടറും ട്രോളിബാഗും വാങ്ങിക്കൊണ്ടുവന്നു. ശുചി മുറിയിൽ വച്ച് കഷണങ്ങളാക്കി ബാഗിനുള്ളിൽ കയറ്റി വച്ചു. മൃതദേഹം തള്ളാനുള്ള സ്ഥലം കണ്ടെത്തിയത് ആഷിഖാണ്.
കൊലപാതകത്തിന് ശേഷം സിദ്ദിഖിന്റെ അക്കൗണ്ടുകളിൽ നിന്ന് 137000 രൂപ പലയിടങ്ങളിൽ നിന്നായി പിൻവലിച്ചു. മൃതദേഹവുമായി സിദ്ദീഖിന്റെ കാറിൽ തന്നെ മൂവരും സഞ്ചരിച്ച് അഗളിയിലെ ഒൻപതാം വളവിൽ മൃതതദേഹം ഉപേക്ഷിച്ചു. ഫർഹാനയുടെ പിതാവ് വഴി സിദ്ദീഖിനെ നേരത്തെ പരിചയമുണ്ടായിരുന്നു. ഷിബിലിക്ക് സിദ്ദീഖിന്‍റെ ഹോട്ടലിൽ ജോലി വാങ്ങി കൊടുത്തതും ഫർഹാനയാണ്. പതിനെട്ടാം തീയതി ഷിബിലി ഫോണിൽ വിളിച്ചിട്ടാണ് ഫർഹാന കോഴിക്കോട്ടേയ്ക്ക് പോയതെന്ന് കുടുംബം പറയുന്നു. പ്രതികളെയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്.
