വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളം; തെറിവിളി; കുഞ്ഞിനെ നിലത്തിട്ടു; ദമ്പതികള്‍ അറസ്റ്റില്‍

വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ദമ്പതികള്‍ അറസ്റ്റില്‍. മാഞ്ചസ്റ്ററില്‍ നഴ്സായി ജോലി ചെയ്തിരുന്ന ബെത് ജോണ്‍സ്, ഭര്‍ത്താവ് കീരന്‍ കന്ന എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ മദ്യപിച്ച് ലക്കുകെട്ട ഇരുവരും പരസ്പരം പോരടിച്ചതിന് പുറമെ വിമാന ജീവനക്കാരിയോടും അപമര്യാദയായി പെരുമാറി. ജീവനക്കാരിയുടെ മുഖത്തേക്ക് കീരന്‍ കന്ന പണം വലിച്ചെറിഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കീരന്‍ കുട്ടിയ ബെത്തിന് നല്‍കാനായി ഒരുങ്ങി. ലക്കുകെട്ട ബെത്ത് കുട്ടിയെ പിടിച്ചില്ല. താഴെ വീണ കുട്ടിയെ വിമാനജീവനക്കാരാണ് പരിചരിച്ചത്. വീഴ്ചയില്‍ കുട്ടിക്ക് പരുക്കില്ല. ദമ്പതികളുമായി യാത്ര തുടരാനാവില്ലെന്ന് വ്യക്തമാക്കി ജീവനക്കാര്‍ ഇവരെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ പൊലീസ് ദമ്പതികളെ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പാണ് ദമ്പതികള്‍ വോഡ്ക വാങ്ങിയത്. വിമാനം വൈകുമെന്ന അറിയിപ്പ് വന്നതോടെ ഇരുവരും മദ്യപാനം തുടര്‍ന്നുവെന്നും പിന്നീടാണ് വിമാനത്തില്‍ കയറിയതെന്നും വിമാന ജീവനക്കാര്‍ വ്യക്തമാക്കി. ജോലിക്കിടയില്‍ നേരിട്ട ഏറ്റവും വലിയ ദുരനുഭവമാണിതെന്ന് വിമാനജീവനക്കാരി പിന്നീട് പൊലീസില്‍ മൊഴി നല്‍കി. തന്നെ അസഭ്യം പറഞ്ഞതല്ല, സ്വന്തം കുട്ടിയെ പോലും ശ്രദ്ധിക്കാന്‍ തയ്യാറാവാതെ ഇരുന്നതാണ് മോശമായി തോന്നിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയെ പിടിക്കാനാഞ്ഞപ്പോള്‍ കീരന്‍ തന്നെ സ്പര്‍ശിച്ചുവെന്നും വിമാനത്തിനുള്ളിലെ ദുരനുഭവത്തില്‍ നിന്നും സാധാരണനിലയിലെത്താന്‍ താന്‍ കുറച്ചധികം സമയമെടുത്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നല്ലനടപ്പും പിഴയുമാണ് ഇരുവര്‍ക്കും കോടതി ശിക്ഷ വിധിച്ചത്.
