ഗുരുതരക്രമക്കേടുകള്‍ നടത്തിയ 216 പിഡബ്ല്യുഡി എന്‍ജിനീയര്‍മാരുടെ സ്ഥാനക്കയറ്റം തടഞ്ഞു

പൊതുമരാമത്ത് വകുപ്പില്‍ നടപടി നേരിട്ട 216 എന്‍ജിനീയര്‍മാരുടെ സ്ഥാനക്കയറ്റം തടഞ്ഞു. ചെയ്യാത്ത പ്രവര്‍ത്തിക്ക് പണം നല്‍കുന്നതുള്‍പ്പടെ ഗുരുതര ക്രമക്കേടുകള്‍ നടത്തിയവര്‍ക്കാണ് പണികിട്ടിയത്. അഴിമതിക്കാര്‍ക്ക് മൂക്കുകയറിടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നടപടി കടുപ്പിച്ചത്.
പൊതുമരാമത്ത് വകുപ്പില്‍ 186 അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍മാര്‍ക്കും 23 അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും ആറ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും ഒരു സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കും ഇത്തവണ സ്ഥാനക്കയറ്റം നിഷേധിച്ചു. സീനിയോരിറ്റിയുണ്ടെങ്കിലും വകുപ്പുതല ശിക്ഷാനടപടി നേരിട്ടതാണ് ഇവരുടെ സ്ഥാനക്കയറ്റത്തിന് വിലങ്ങുതടിയായത്. ഡിപ്പാര്‍ട്മെന്‍റ് പ്രമോഷന്‍ കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഇവരില്‍ പലരെയും പരിഗണിച്ചില്ല. ചിലരെയൊക്കെ പരിഗണിച്ചെങ്കിലും നടപടിക്ക് വിധേയരായതിനാല്‍ സ്ഥാനക്കയറ്റം നിഷേധിക്കുകയായിരുന്നു. ചെയ്യാത്ത പ്രവര്‍ത്തികള്‍ക്ക് പണം നല്‍കുക, തെറ്റായ മെഷര്‍മെന്‍റ് രേഖപ്പെടുത്തുക, ഐറ്റം മാറ്റി എഴുതി കൊടുക്കുക തുടങ്ങി ഗുരുതര ക്രമക്കേടുകള്‍ നടത്തിയവരും പട്ടികയിലുണ്ട്.
പത്തനംതിട്ടയില്‍ ചെയ്യാത്ത ജോലിക്ക് ബില്ല് മാറികൊടുത്ത രണ്ട് എന്‍ജിനീയര്‍മാരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ നടപടി കടുപ്പിച്ചിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല. മാര്‍ച്ച് 23ന് പൊതുമരാമത്ത് മന്ത്രി ചീഫ് ആര്‍ക്കിടെക്ട് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ 41 ജീവനക്കാരില്‍ 14 പേര്‍ മാത്രമായിരുന്നു കൃത്യസമയത്ത് ജോലിക്കെത്തിയത്. ഓഫീസ് രേഖകള്‍ സൂക്ഷിക്കുന്നതിലുള്‍പ്പടെ ഗുരുതര വീഴ്ചകളും കണ്ടെത്തി. ജോലി ചെയ്യാത്തവര്‍ക്കും സമയത്ത് ജോലിക്ക് ഹാജരാകാത്തവര്‍ക്കും ഓഫീസ് സമയത്ത് അനധികൃതമായി പുറത്തു കറങ്ങി നടന്നവര്‍ക്കും എതിരെ നടപടി കടുപ്പിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
