ഒരു ഊണ് വാങ്ങിയാൽ ഒന്ന് സൗജന്യം; യുവതിക്ക് നഷ്ടമായത് 90,000 രൂപ

ഊണ് വാങ്ങി ഓൺലൈൻ തട്ടിപ്പിന് ഇരയായി നഷ്ടമായത് 90,000 രൂപ. തട്ടിപ്പിന് ഇരയായതാവട്ടെ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയും. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം.
ഒരു ഊണ് വാങ്ങിയാൽ മറ്റൊന്ന് സൗജന്യമായി കിട്ടുമെന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ പോലെയാണ് യുവതി കെണിയിൽ ചെന്ന് ചാടിയത്. വനിതാ ഡോക്ടറെ കബളിപ്പിച്ച് 4.73 കോടി രൂപ തട്ടിയെടുത്ത വാർത്ത കഴിഞ്ഞയാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് ഇതും പുറത്തുവന്നത്. ബാങ്കിൽ ഉന്നത ഉദ്യോഗസ്ഥയായ സവിത ശർമയാണ് ‘ഊണ്’ തട്ടിപ്പിനിരയായത്.
ഒരു പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ‘താലി മീൽസ്’ വാങ്ങിയാൽ ഒന്ന് സൗജന്യമായി ലഭിക്കുമെന്നായിരുന്നു പരസ്യം. ഫെയ്സ്ബുക്ക് പോസ്റ്റിൽ നൽകിയിരുന്ന നമ്പറിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അൽപ സമയത്തിനു ശേഷം ആ നമ്പറിൽ നിന്നു തിരിച്ചുവിളിച്ചയാൾ ഒരു ലിങ്ക് നൽകി ആപ് ഡൗൺലോഡ് ചെയ്യാൻ പറഞ്ഞു. ആപ്പ് ഡൗൺലോഡ് ചെയ്തതോടെയാണ് ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്.
