വളര്‍ത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ജഡം പുറത്തെടുത്തു

രണ്ടര മാസം മുൻപാണ് തലവടി പഞ്ചായത്തിലെ മോൻസി ജേക്കബ് എന്നയാളുടെ വളർത്തുനായ ചത്തത്. കിണറ്റിൽ വീണ് നായ ചത്തതിനെ തുടർന്ന് കുഴിച്ചിട്ടെന്നായിരുന്നു മോൻസിയുടെ അയൽവാസി അറിയിച്ചത്. എന്നാൽ ക്രൂരമായി തന്റെ നായയെ ജീവനോടെ കത്തിച്ച് കൊന്നതാണെന്നാണ് മോൻസിക്ക് മനസിലായി. ഇതോടെ മോൻസിയുടെ പരാതിയിൽ രണ്ട് മാസത്തിന് ശേഷം നായയുടെ ജയം പൊലീസ് പുറത്തെടുത്തു.
മോൻസിയുടെ വളർത്തു നായയെ തലയ്ക്കടിച്ചും മണ്ണെണ്ണയൊഴിച്ചു കത്തിച്ചും കൊന്നതാണെന്ന പൊലീസിൽ പരാതി നൽകിയത്. ഇതോടെയാണ് അയൽവാസിയുടെ പറമ്പിൽ നിന്നു ജഡം പുറത്തെടുത്ത് സാംപിൾ ശേഖരിച്ചത്. മാർച്ച് 13ന് രാത്രി മുതലാണ് മോൻസിയുടെ നായയെ കാണാതായത്. രണ്ടു ദിവസം നായയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നാലെ അയൽവാസിയുടെ കിണറ്റിൽ നായ വീണു എന്നും ചത്തതിനാൽ കുഴിച്ചിട്ടു എന്നും മോൻസിയെ ഇവർ അറിയിച്ചു.
എന്നാൽ കിണറ്റിൽ വീണ നായയെ കരയ്ക്കെടുത്തപ്പോൾ ജീവനുണ്ടായിരുന്നു. ഇതോടെ നായയുടെ തലയ്ക്കടിച്ച് വീഴ്ത്തി. കുഴിച്ചിടാൻ ഒരുങ്ങിയപ്പോൾ നായ ചാടി എഴുന്നേറ്റു. ഇതോടെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ മോൻസി എടത്വ പൊലീസിൽ പരാതി നൽകി. എന്നാൽ നടപടി ഉണ്ടായില്ല. ഇതോടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പിന്നാലെയാണ് വെറ്ററിനറി സർജന്റെ സാന്നിധ്യത്തിൽ ജഡം പുറത്തെടുത്തത് സാംപിൾ ശേഖരിച്ചത്.
