
ഡൽഹി രോഹിണിയിൽ 16 വയസ്സുകാരിയെ നാട്ടുകാർ നോക്കി നിൽക്കെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി. 20 വയസ്സുകാരനായ പ്രതി സാഹിൽ അറസ്റ്റിൽ. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇരുപതിലധികം തവണ പ്രതി പെൺകുട്ടിയെ കുത്തി. ശേഷം കോൺക്രീറ്റ് കല്ലുകൊണ്ട് പലതവണ തലയ്ക്കടിച്ചായിരുന്നു കൊലപാതകം. ഇടവഴിയിൽ ഞായറാഴ്ച വൈകുന്നേരം 8.30നായിരുന്നു കൊലപാതകം. ഇവിടെ സ്ഥാപിച്ചിരുന്ന സി സി.സി. ടിവി ക്യാമറകളിൽ കൊലയുടെ ദൃശ്യം പതിഞ്ഞു.
ക്രൂര കൊലപാതകം നടക്കുമ്പോൾ നിരവധി പേർ നോക്കി നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആരും പ്രതിയെ തടയാനോ പെൺകുട്ടി രക്ഷപ്പെടുത്താനോ തയ്യാറായില്ല. കൊലപാതകത്തിന്റെ ഞെട്ടലിലാണ് രോഹിണി ശാദാബ് ഡയറിയിലെ പ്രദേശവാസികൾ.
കൊല നടന്ന ഈ ഗലിയിൽ നിന്നും കുറച്ച് ദൂരെയാണ് പെൺകുട്ടിയുടെ വീട്. എ.സി നന്നാക്കുന്ന ജോലി ചെയ്യുന്ന പ്രതിയും പ്രദേശവാസി തന്നെ. ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായി എന്നും ഇതാണ് കൊലക്ക് കാരണം എന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി തുടങ്ങിയ തെരച്ചിലിൽ ഇന്ന് ഉച്ചയോടെയാണ് പ്രതി സഹിലിന്റെ അറസ്റ്റ്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
