National
നാവിക് വിക്ഷേപണം വിജയം; ഉപഗ്രഹം ഭ്രമണപഥത്തില്‍

ഇന്ത്യയുടെ സ്വന്തം ഗതിനിർണയ ഉപഗ്രഹ ശൃംഖലയായ നാവികിന്റെ രണ്ടാംതലമുറ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചു. നിർണായകമായ ക്രയോജനിക് ഘട്ടം പ്രവർത്തിച്ചു തുടങ്ങി. രണ്ടുഘട്ടത്തിലെ വേർപെടൽ വിജയകരമാണെന്നും ഇതുവരെ നടപടികളെല്ലാം കൃത്യമാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.സിഗ്നലുകള്‍ ലഭിച്ച് തുടങ്ങിയതായും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻട്രലിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. എൻ.വി.എസ് സീരീസിലെ ഒന്നാമത്തെ ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ജിഎസ്എൽവി എഫ് 12 റോക്കറ്റ് ഉപയോഗിച്ചായിരുന്നു ദൗത്യം. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച റുബിടിയം അറ്റോമിക് ക്ലോക്കാണ് സാറ്റലൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ഈ സംവിധാനമുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിച്ചു.
