ഹോട്ടൽ വ്യാപാരിയുടെ കൊല നടന്ന ഡി കാസ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

കോഴിക്കോട്: കോഴിക്കോട് വ്യാപാരിയായ സിദ്ദിഖിന്റെ കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് കോര്പ്പറേഷന് കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ഹോട്ടലിനില്ലായിരുന്നു എന്നും പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നാണ് ഹോട്ടല്‍ അടച്ചു പൂട്ടാന്‍ കോര്പ്പറേഷന് നോട്ടീസ് നല്‍കിയത്.
ഒരു വര്‍ഷം മുമ്പ് മലിനീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ഡി കാസ ഹോട്ടലിനെതിരെ പരാതി നല്‍കിയിരുന്നു. അന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നീട് ആറു മാസങ്ങള്‍ക്കു ശേഷം ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. ഹോട്ടലില്‍ മയക്കു മരുന്നുപയോഗമുള്‍പ്പടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്ന് നേരത്തെയും പരാതികളുയര്‍ന്നിട്ടുണ്ട്.
