കെ ഫോണ്‍; ആദ്യ വര്‍ഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകള്‍ നല്‍കും

കെ ഫോണ്‍ പദ്ധതിയിലെ വാണിജ്യ കണക്ഷനുകള്‍ ഈ വര്‍ഷം തന്നെ നല്‍കും. പദ്ധതി മുഖ്യമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുമെങ്കിലും പ്രഖ്യാപിച്ച 14,000 കുടുംബങ്ങള്‍ക്കും ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ ജൂണ്‍ അവസാനം വരെ കാത്തിരിക്കണം. ഉദ്ഘാടനത്തിന് നാലുനാള്‍ ബാക്കിനില്‍ക്കെ കെ ഫോണ്‍ പദ്ധതി എവിടെയെത്തി എന്നുനോക്കാം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഏഴുവര്‍ഷം മുമ്പാണ് കെ ഫോണിന്‍റെ തുടക്കം. 18 മാസം കൊണ്ട് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റായിരുന്നു വാഗ്ദാനം. പിന്നീട് ആദ്യഘട്ടത്തില്‍ 14000 കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് നല്‍കുമെന്നായി. ഒടുവില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യാനിരിക്കെ ഇതുവരെ 7000 വീടുകളിലേക്ക് കേബിള്‍ വലിച്ചു. 1000ല്‍ ഏറെ കണക്ഷന്‍ നല്‍കി. ജൂണ്‍ അവസാനം 14000 കുടുംബങ്ങള്‍ക്കും ഇന്‍റര്‍നെറ്റാകും. 30000 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടു, 26492 ഇടത്ത് ഇന്‍സ്റ്റോള്‍ ചെയ്തു, 18700 ഓഫീസുകളില്‍ നെറ്റ് ലഭ്യമാക്കി. പദ്ധതിയുടെ ജീവനാഡിയായ ഒപിജിഡബ്ല്യു കേബിള്‍ മുന്‍നിശ്ചയിച്ചപോലെ 2600 കിലോമീറ്റര്‍ ദൂരത്തില്‍ വലിച്ചുകഴിഞ്ഞു. എഡിഎസ്എസ് കേബിള്‍ 28000 കിലോമീറ്റര്‍ വലിക്കണം. എന്നാല്‍ 4777 കിലോമീറ്റര്‍ ദൂരത്ത് ഇനിയും കേബിളിടാനുണ്ട്. ഇട്ട കേബിളുകള്‍ പലയിടത്തും ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി മുറിഞ്ഞതോടെയാണ് ഇത്രയും ദൂരത്തേത് മാറ്റിവച്ചത്.
കെഫോണിന്‍റെ തലച്ചോറെന്ന് വിളിക്കാവുന്ന നെറ്റ് വര്‍ക്ക് ഓപ്പറേറ്റിങ് സെന്‍റര്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സജ്ജമാണ്. ഇവിടെ നിന്നുള്ള കേബിളുകള്‍ 375 കെഎസ്ഇബി സബ്സ്റ്റേഷനുകളിലായുള്ള പോയിന്‍റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങളിലെത്തിയാണ് പിന്നീട് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നത്. ഇതില്‍ 373 എണ്ണം പ്രവര്‍ത്തന സജ്ജമാണ്. മൂന്നെണ്ണത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തിലും. കെ ഫോണ്‍ പദ്ധതി ലാഭത്തിലാക്കുന്നതിന്‍റെ ഭാഗമായി വാണിജ്യ കണക്ഷനുകള്‍ ഈ വര്‍ഷം തന്നെ നല്‍കും. രണ്ടരലക്ഷം വാണിജ്യ കണക്ഷനുകളാണ് ആദ്യ വര്‍ഷം ലക്ഷ്യമിടുന്നത്.
