ഉല്ലാസത്തിന് ബീച്ചിലെത്തി; വളഞ്ഞാക്രമിച്ച് പിരാനക്കൂട്ടം; ഭയന്ന് സഞ്ചാരികള്‍

നിമിഷങ്ങള്‍ക്കുള്ളില്‍ ജീവികളെ കൊന്ന് തിന്നാന്‍ ശേഷിയുള്ള മല്‍സ്യങ്ങളാണ് പിരാനകള്‍. പിരാനകളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെട്ട സംഭവങ്ങളും മുന്‍പ് പുറത്ത് വന്നിട്ടുണ്ട്. അവധി ആഘോഷിക്കാന്‍ ബീച്ച് റിസോര്‍ട്ടിലെത്തിയവര്‍ക്ക് നേരെ പിരാനകളുടെ ആക്രമണമുണ്ടായെന്നാണ് ബ്രസീലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ബ്രസീലിലെ മെനോസിലാണ് എട്ടുവിനോദ സഞ്ചാരികളെ പിരാനകള്‍ ആക്രമിച്ചത്.
വെള്ളത്തില്‍ നിന്ന് ഷോക്കടിക്കുന്നത് പോലെ തോന്നിയതോടെയാണ് അഡ്യാനിയെന്ന വിദ്യാര്‍ഥിനി വെള്ളത്തില്‍ നിന്നും കയറിയത്. കാലില്‍ ശ്രദ്ധിച്ചപ്പോഴാണ് മുറിവുള്ളതും രക്തം വരുന്നതും കണ്ടത്. ഒപ്പമുള്ളവര്‍ക്കും കടിയേറ്റതായി റിസോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഭീകരജീവികളായാണ് പലരും പിരാനകളെ കാണുന്നതെങ്കിലും മനുഷ്യരെ മനപ്പൂർവമായി ഇവ ആക്രമിക്കാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പിരാനകളുടെ കടിയേറ്റ വാര്‍ത്ത മുന്‍പും ബ്രസീലില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2007 ല്‍ പല്‍മാസില്‍ 190 പേര്‍ക്ക് പിരാനകളുടെ കടിയേറ്റതായും വാര്‍ത്തകള്‍ വന്നിരുന്നു.
