ഭൂമിയുടെ അകക്കാമ്പില്‍ ആഴത്തില്‍ കുഴിച്ച് ചൈന; കാരണമെന്ത്?

ഭൂമിയുടെ അകക്കാമ്പില്‍ പതിനായിരം മീറ്റര്‍ ആഴത്തില്‍ കുഴിയെടുക്കല്‍ ആരംഭിച്ച് ചൈനീസ് ഗവേഷകര്‍. എണ്ണക്കിണറുകളാല്‍ സമ്പന്നമായ സിന്‍ജിയാങ് പ്രവിശ്യയിലാണ് പര്യവേഷണം നടത്തുന്നതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സ്ന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച ആരംഭിച്ച പര്യവേഷണം ചൈന ഇന്നേവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ഭൂഗര്‍ഭപര്യവേഷണമാണ്. അതേദിവസം തന്നെ ഗോബി മരുഭൂമിയില്‍ നിന്നും സാധാരണക്കാരനായ ആദ്യ സഞ്ചാരിയെ ചൈന ബഹിരാകാശത്തേക്ക് അയച്ചിരുന്നു.
10 ഭൂഖണ്ഡാനന്തര പാളികള്‍ കടന്നും ആഴത്തിലേക്ക് ഗവേഷകരുടെ ‘തുരക്കല്‍’ എത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 145 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ട പാറകളാണ് ഭൂമിയുടെ അകക്കാമ്പിലുള്ളതെന്നാണ് നിഗമനം. രണ്ട് നേര്‍ത്ത സ്റ്റീല്‍ കേബിളുകളിലൂടെ വലിയ ട്രക്ക് ഓടിക്കുന്നത്രയും ദുഷ്കരമാണ് ഭൗമാന്തര്‍ഭാഗത്തേക്കുള്ള ഈ കുഴിക്കലെന്ന് ഗവേഷകര്‍ പറയുന്നു.
ധാതു, ഊര്‍ജ സ്രോതസുകളെ തിരിച്ചറിയാനും ഭൂകമ്പവും അഗ്നിപര്‍വത സ്ഫോടനവുമടക്കമുള്ള പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി പ്രവചിക്കാനും സാധ്യതകള്‍ വിലയിരുത്താനുമുള്ള പഠനങ്ങള്‍ക്ക് പര്യവേഷണം വലിയ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ റഷ്യയിലെ കോളയിലാണ് ഭൗമാര്‍ന്തര്‍ഭാഗത്തേക്കുള്ള മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ കുഴിയുള്ളത്. ഇതിന് 12,262 മീറ്റര്‍ ആഴമുണ്ട്. 20 വര്‍ഷങ്ങളെടുത്ത് 1989ലാണ് കുഴിയെടുക്കല്‍ പൂര്‍ത്തിയായത്.
