റേഷന്‍ വിതരണം അവതാളത്തിലാക്കി വീണ്ടും ഈ പോസ് മെഷീന്‍ തകരാര്‍

സംസ്ഥാനത്തെ റേഷന്‍ വിതരണം അവതാളത്തിലാക്കി വീണ്ടും ഈ പോസ് മെഷീന്‍ തകരാര്‍. ഇന്നലെ തുടങ്ങിയ തകരാറിനെത്തുടര്‍ന്ന് വിതരണം താൽക്കാലികമായി നിർത്തിവച്ചു. മാസാദ്യം തന്നെ അരിയുള്‍പ്പെടെ വാങ്ങാനായി കടകളിലെത്തുന്നവര്‍ നിരാശരായി മടങ്ങുകയാണ്.
കോഴിക്കോട് പണിക്കര്‍ റോഡിലെ റേഷന്‍ കടയില്‍ രാവിലെ അരി വാങ്ങാനെത്തിയവരുടെ പ്രതികരണമാണിത്. ജോലി മാറ്റിവെച്ച് മാസാദ്യം സാധാനം വാങ്ങാനെത്തുന്നവര്‍ വെറുംകയ്യോടെ മടങ്ങേണ്ടിവരുന്നത് പതിവാവുകയാണ്.
റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാലുള്ള അറിയിപ്പിന് ശേഷം മെഷീന്‍ നിശ്ചലമാവും. ആവര്‍ത്തിക്കുന്ന തകരാറിന് ഉപഭോക്താക്കളോട് മറുപടി പറഞ്ഞ് വലഞ്ഞെന്ന് വ്യാപാരികള്‍.
കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്ലിങ്ങിലേക്ക് മാറാനായി NIC സോഫ്റ്റ്വവെയർ പുതുക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും സംസ്ഥാനസർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിലപാട്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു.
സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കണമെന്ന് എൻ.ഐസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
