ചൊവ്വാദോഷം നോക്കുകയല്ല ഹൈക്കോടതിയുടെ ജോലി: സുപ്രീകോടതി

ബലാത്സംഗത്തിന് ഇരയായ യുവതി ചൊവ്വാദോഷമുള്ളയാളാണോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. നേരത്തെ ലഖ്നൗ സര്‍വകലാശാലയിലെ ജ്യോതിഷശാസ്ത്രവിഭാഗം മേധാവിയോടാണ് ബലാത്സംഗത്തിന് ഇരയായ യുവതി ചൊവ്വാദോഷമുള്ളയാളാണോ എന്ന നിര്‍ണയിക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്.
സുപ്രീംകോടതിയിലെ ജസ്റ്റിസുമാരായ സുധാംശു ധൂലിയ, പങ്കജ് മിത്തല്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിഷയം സ്വമേധയാ ഏറ്റെടുത്താണ് പ്രത്യേക സിറ്റിങ് നടത്തിയത്. വിദേശ സന്ദര്‍ശനത്തിലുള്ള ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇതില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ചൊവ്വാദോഷം പരിഗണിക്കാന്‍ അലഹബാദ് കോടതി നിര്‍ദേശിച്ചത്.
യുവതിക്ക് ചൊവ്വാദോഷമുള്ളതിനെ തുടര്‍ന്നാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ജ്യോതിഷ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് എന്തിനെന്ന് സുപ്രീംകോടതി ചോദിച്ചു. ജൂലൈ 10ന് കേസ് വീണ്ടും പരിഗണിക്കും.
