
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഇക്കൊല്ലം കൂടി മാത്രം. അടുത്തവര്‍ഷം മുതല്‍ നാലുവര്‍ഷ കോഴ്സുകള്‍ മാത്രമായിരിക്കുമുണ്ടാകുക. നാലാം വര്‍ഷത്തെ പഠനം തുടരണോയെന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാവുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിക്കുന്നതെന്നു ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്തെ ബിരുദ വിദ്യാഭ്യാസത്തില്‍ സമൂല മാറ്റമാണ് അടുത്ത വര്‍ഷം മുതല്‍ ഉണ്ടാകുക. നാലു വര്‍ഷ ബിരുദ കോഴ്സിന്‍റെ കരിക്കുലം തയ്യാറാക്കി സര്‍വകലാശാലകള്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. നാലാം വര്‍ഷ ബിരുദം കഴിയുന്നവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കും. അടുത്ത വര്‍ഷം മുതല്‍ നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കൊല്ലം തന്നെ സര്‍വകലാശാലകള്‍ക്ക് ആരംഭിക്കാവുന്നതാണ്.
നാലുവര്‍ഷ ബിരുദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പും കൗണ്‍സിലും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു മുഖ്യമന്ത്രി വി.സിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പരിഷ്കാരങ്ങള്‍ വേഗം നടപ്പാക്കണമെന്ന കൗണ്‍സിലിന്‍റെ തീരുമാനം മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നാലുവര്‍ഷ ബിരുദകോഴ്സുകളെന്നതിലേക്ക് മന്ത്രിയും എത്തിയത്.
