പി.എം.ആര്‍ഷോയെ ‘ജയിപ്പിച്ചത്’ ടൈപ്പിങ് പിഴവല്ല; തെളിവ് പുറത്ത്

പി.എം.ആര്‍ഷോയെ ജയിപ്പിച്ച മാര്‍ക്ക് ലിസ്റ്റ് വെറും ടൈപ്പിങ് പിഴവല്ല. പതിവുരീതിയാകെ തെറ്റിച്ചാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എഴുതാത്ത വിഷയങ്ങളില്‍ Ab എന്നാണ് രേഖപ്പെടുത്താറുള്ളത്. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ വിഷയങ്ങള്‍പോലും ചേര്‍ത്തിട്ടില്ല.
പരീക്ഷ എഴുതാത്ത എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ ജയിപ്പിച്ച് എറണാകുളം മഹാരാജാസ് കോളജ്. വിവാദമായതോടെ ആര്‍ഷോ തോറ്റെന്ന് പരീക്ഷാഫലം തിരുത്തി. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും ആർഷോക്ക് മാർക്ക് കാണിച്ചിട്ടില്ലെങ്കിലും പാസായി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എഴുതാത്ത പരീക്ഷ എങ്ങനെ പാസായെന്ന് അറിയില്ലെന്ന് ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വർഷം മാർച്ച് 23ന് പുറത്തിറങ്ങിയ മഹാരാജാസ് കോളജിലെ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷയുടെ റിസൾട്ടാണ് വിവാദമായത്. മറ്റെല്ലാ വിദ്യാർഥികളുടെയും എല്ലാ വിഷയങ്ങൾക്കും ലഭിച്ച മാർക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ SFI സംസ്ഥാന സെക്രട്ടറി ആർഷോയുടെ പേരിനു താഴെ വിഷയങ്ങളുടെ പേരോ മാർക്കോ ഇല്ല. എന്നാൽ ജയിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിഷയത്തിൽ പ്രിൻസിപ്പലിനെ കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു. സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കകം ആർഷോ തോറ്റതായി കാണിച്ച് പരീക്ഷഫലം പുനപ്രസിദ്ധീകരിച്ചു. ഇത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് കോളജിന്റെ വിശദീകരണം. ഇതുവരെ പുറത്തുവന്ന എല്ലാ റിസൾട്ടുകളും പരിശോധിക്കുമെന്നും കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. താൻ പരീക്ഷ എഴുതിയിരുന്നില്ലെന്ന് പി.എം.ആർഷോ മാധ്യമങ്ങളോട് പ്രതികരിച്ചു. പരീക്ഷാഫലം ഇത്തരത്തിൽ വന്നത് സാങ്കേതിക പിഴവാണോ, ബോധപൂർവമാണോ എന്ന് പരിശോധിക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു.
