NationalSpot Light

പിതാവ് തിരഞ്ഞത് മകന്‍റെ മൃതദേഹം, ജീവനോടെ കണ്ടെത്തി

ബാലസോറില്‍ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ട മകനെ തിരഞ്ഞെത്തിയ പിതാവിനെ കാത്തിരുന്നത് സിനിമയെപോലും വെല്ലുന്ന രംഗങ്ങള്‍.ബാലസോറില്‍ അപകടത്തില്‍പ്പെട്ട കോറമണ്ഡല്‍ ട്രെയിനിലാണ് ബിശ്വജിത്ത് മാലിക് എന്ന യുവാവ് യാത്ര ചെയ്തത്. സ്വന്തം പിതാവ് തന്നെയായിരുന്നു മകനെ ട്രെയിന്‍ കയറ്റിവിട്ടത്. ട്രെയിന്‍ അപകടത്തില്‍പ്പെട്ട വിവരം അറി​ഞ്ഞയുടന്‍ പിതാവ് ഹേലാറാം മാലിക്ക് മകനെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഒരു ആംബുലന്‍സുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു.

ബാലസോറിലെ ഒരു സ്കൂളില്‍ കൂട്ടിയിട്ട മൃതദേഹങ്ങളില്‍ നിന്നാണ് പിതാവ് മകനെ കണ്ടെത്തിയത്. മകനെ തിരിച്ചറിഞ്ഞയുടനെയാണ് അദേഹമത് ശ്രദ്ധിച്ചത്,മകന്‍റെ കൈ വിറയ്ക്കുന്നു.മരണത്തണുപ്പില്‍ നിന്ന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ്. യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ഇരുപത്തി നാലുകാരനായ യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയപ്പോള്‍ മരിച്ചെന്ന് തെറ്റിദ്ധരിച്ചതാവാമെന്നാണ് അധികൃതരുടെ വിശദീകരണം.

ജീവനുള്ളയാളെ മരിച്ചതായി കണക്കാക്കിയ അധികാരികളുടെ കടുത്ത അനാസ്ഥയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കൃത്യസമയത്ത് മകനെ തേടി ആ പിതാവ് എത്തിയിരുന്നില്ലെങ്കില്‍ ആ മൃതദേഹങ്ങള്‍ക്കിടയില്‍ കിടന്ന് ബിശ്വജിത്തും മരണത്തിന് കീഴടങ്ങുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button