kerala

പേ വിഷബാധയുടെ വാക്‌സിൻ ഇനി എല്ലാവർക്കും സൗജന്യമല്ല; ബി.പി.എൽ അല്ലാത്തവര്‍ പണം നൽകേണ്ടി വരും

പേ വിഷബാധക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതില്‍ 70 ശതമാനം പേരും ഉയര്‍ന്ന വരുമാനമുള്ളവരാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: പേ വിഷ ബാധക്കുള്ള വാക്സിൻ ഇനി എല്ലാവർക്കും സൗജന്യമാകില്ല. ബിപിഎല്ലുകാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സർക്കാറിന്‍റെ നീക്കം. പേവിഷബാധയ്ക്കുള്ള ചികിത്സ ഉയര്‍ന്നവരുമാനമുള്ളവര്‍ക്ക് സൗജന്യമായി നല്‍കേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം

തെരുവുനായ കടിച്ചാലും വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും നിലവില്‍ സര്‍ക്കാര്‍ ആശുപത്രകളില്‍ ചികിത്സ സൗജന്യമാണ്. ഈ രീതിക്കാണ് മാറ്റം വരുന്നത്. പേവിഷ ബാധയേറ്റ് ചികിത്സക്ക് വരുന്നവരില്‍ 70 ശതമാനവും ഉയര്‍ന്ന വരുമാനമുള്ളവരാണ്. ഇവരില്‍ ഏറെപേരും എത്തുന്നത് വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ കടിയേറ്റാണെന്നും മെഡിക്കല്‍ കോളജുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളജുകളില്‍ പേ വിഷ ബാധയ്ക്ക്ചികിത്സ തേടിയവരില്‍ 60 ശതമാനത്തിലധികവും വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാണ്. വളര്‍ത്തുമൃഗങ്ങള്‍ കടിച്ച് പേ വിഷ ബാധയുണ്ടായി ചികിത്സതേടുന്നവരില്‍ നിന്ന് വാക്സിന്റേയും അനുബന്ധ മരുന്നുകളുടേയും പണം ഈടാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം വെച്ചിട്ടുണ്ട്. പേവിഷ വാക്‌സീൻ ബിപിഎല്‍ കാർഡുള്ളവർക്ക് മാത്രം സൗജന്യമായി നല്‍കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു.

ബിപിഎല്ലുകാരെ വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും വാക്സിന്‍ സൗജന്യമായി നല്‍കും. ഒരു വയലിന് 300 മുതല്‍ 350രൂപ വരെ പൊതുവിപണയില്‍ വില നല്‍കിയാണ് ആന്റി റാബിസ് വാക്സിന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വാങ്ങുന്നത്. മുതിര്‍ന്ന ഒരാള്‍ക്ക് നാല് ഡോസ് വാക്സി ന്‍ നല്‍കണം. 500 രൂപ വിലവരുന്ന റെഡിമെയ്ഡ് ആന്റിബോഡിയും ഇതിനൊപ്പം സൌജന്യമായി നല്‍കുന്നുണ്ട്. തെരുവുനായ കടിച്ച് ഗുരുതരമായ സ്ഥിതിയിലുള്ളവര്‍ക്ക് മനുഷ്യശരീരത്തില്‍ നിന്ന് തയ്യാറാക്കിയ റെഡിമെയ്ഡ് ആന്റിബോഡിയാണ് നല്‍കുന്നത്. 20,000 മുതല്‍ 35,000 രൂപ വരെയാണ് സര്‍ക്കാര്‍ ഇതിനായി ചെലവാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button