കാറിൽ കറുത്ത ഷർട്ടിട്ടാലും ബൈക്കിൽ വശം തിരിഞ്ഞിരുന്നാലും ‘പിഴ’; വകതിരിവില്ലാതെ എഐ ക്യാമറ

കൊച്ചി∙ കറുത്ത ഷർട്ടിട്ടു കാറോടിച്ചയാൾ കറുത്ത സീറ്റ് ബെൽറ്റിട്ടിട്ടുണ്ട് എന്നു കണ്ടെത്താൻ എഐ ക്യാമറ പരാജയപ്പെട്ടു. ‘സീറ്റ് ബെൽറ്റിടാത്ത നിയമലംഘകന്റെ’ ദൃശ്യങ്ങൾ അധികം വൈകാതെ കൺട്രോൾ റൂമിലെത്തി. ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളിൽ പിന്നിലിരുന്ന ഭാര്യ ഒരു വശത്തേക്കു തിരിഞ്ഞിരുന്നത് ക്യാമറയ്ക്കു ‘തിരിഞ്ഞതും’ നിയമലംഘനമായി. ഒരു വശത്തേക്കു തിരിഞ്ഞിരുന്ന സ്ത്രീയുടെ രണ്ടു കാലുകളുൾപ്പെടെ ബൈക്കിന്റെ ഒരു വശത്തു 3 കാലുകൾ കണ്ടതോടെയാണു നിയമം ലംഘിച്ചു മൂന്നു പേർ ബൈക്കിൽ യാത്ര ചെയ്യുന്നതാണെന്നു ക്യാമറ ഉറപ്പിച്ചത്.
പിഴ ഈടാക്കാൻ ഉടൻ നിർദേശവും കൈമാറി. കാർ ഡ്രൈവർ ഒപ്പമിരുന്നയാളോടു സംസാരിക്കവേ ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചതു ക്യാമറ മനസ്സിലാക്കിയതു മൊബൈലിൽ സംസാരിക്കുന്നതായി. അതിനും പിഴ നിർദേശം വൈകാതെ കൺട്രോൾ റൂമിലെത്തി.
സംസ്ഥാനത്ത് എഐ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്കു പിഴയീടാക്കാൻ ആരംഭിച്ച ദിവസം മുതൽ ഗതാഗത നിയമങ്ങൾ എല്ലാം പാലിച്ചു യാത്ര ചെയ്തവരെയും ക്യാമറ ‘പിടികൂടിയത്.’ എന്നാൽ, ക്യാമറയെ മാത്രം വിശ്വസിച്ചു നോട്ടിസ് അയയ്ക്കാതെ ഓരോ ദൃശ്യങ്ങളും വിശദമായി വിശകലനം ചെയ്ത് മനുഷ്യ ഇടപെടൽ ഉറപ്പാക്കി നടപടി സ്വീകരിക്കുകയാണു മോട്ടർ വാഹന വകുപ്പ്. ഇതുകൊണ്ടു തന്നെ മേൽപ്പറഞ്ഞ ‘നിയമലംഘകർക്കു’ പിഴയടയ്ക്കേണ്ടി വരില്ല!
