EducationkeralaSpot Light

ക്ലാസില്ല, പരീക്ഷയില്ല; പണം നല്‍കിയാല്‍ ഏത് കാലത്തേയും ഡിഗ്രി/പിജി സര്‍ട്ടിഫിക്കറ്റ് റെഡി, വലവിരിച്ച് വിദ്യാർത്ഥികളെ കെണിയിൽ പെടുത്തുന്നു

കോഴിക്കോട്: ക്ലാസില്ല,പരീക്ഷയില്ല, പണം നൽകിയാൽ ഏത് വിഷയത്തിന്റേയും ഡിഗ്രി പിജി സർട്ടിഫിക്കറ്റുകൾ ആറ് മാസത്തിനുള്ളിൽ കിട്ടും, അതും യുജിസിയും എഐസിടിയും ഉൾപ്പടെ അംഗീകരിച്ച സർട്ടിഫിക്കറ്റുകൾ. ബിരുദ പഠനത്തിന് ചേരാൻ താത്പര്യമുള്ളവരേയും ബിരുദം വേണമെന്ന് ആഗ്രഹിക്കുന്നവരേയും വീഴ്ത്താൻ വലവിരിച്ച് കാത്തിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം.

ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം അടക്കം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ആളെ പിടിക്കുന്നത്. കേരളത്തിലെ പ്രധാന ജില്ലകളിലെല്ലാം സ്ഥാപനത്തിന് ബ്രാഞ്ചുമുണ്ട്. ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച ഐസ്ഒ സർട്ടിഫിക്കറ്റ് ഉള്ള സ്ഥാപനമാണെന്നാണ് അവകാശ വാദം. പരസ്യത്തിൽ കാണുന്ന നമ്പറിൽ മെസേജ് അയച്ചാൽ സ്ഥാപനത്തിലെ അക്കാദമിക് കൗൺസിലറുടെ വിളിയെത്തും, ബിഎ, ബിഎസ്സി, ബികോം ബിടെക്, തുടങ്ങിയ ബിരുദങ്ങളും വിവിധ വിഷയങ്ങളിലെ ഡിപ്ലോമയും, എംബിഎ, എംകോം അടക്കമുളള ബിരുദാനന്തര ബിരുദവും ഈ സ്ഥാപനം വഴി ലഭിക്കുമെന്നാണ് വാഗ്ദാനം.

പരീക്ഷ പാസായ വർഷം വരെ തീരുമാനിക്കാം

2018, 2019, 2020, 2021,2023, 2024 തുടങ്ങി ഏത് വർഷം കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ആറ് മാസം കൊണ്ട് കിട്ടും. കേരള പിഎസ്സിക്ക് അപേക്ഷിക്കാൻ തുല്യതാ സർട്ടിഫിക്കറ്റും ലഭിക്കും. കോഴ്സിനും തെരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റിക്കും അനുസരിച്ച് തുകയിലും വ്യത്യാസമുണ്ട്. 30000 രൂപ മുതലാണ് സർട്ടിഫിക്കറ്റിനായി ഈടാക്കുന്നത്.

സംസാരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും അവിശ്വാസം തോന്നുന്നുണ്ടെങ്കിൽ തൊട്ടടുത്ത ബ്രാഞ്ചിൽ നേരിട്ട് എത്തിയും പണം നൽകി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. പറയുന്ന പണം നൽകിയാൽ മൂന്ന് വർഷം റെഗുലറായി പഠിച്ച് പരീക്ഷ എഴുതി പാസായ സർട്ടിഫിക്കറ്റ് റെഡി. ആറ് സെമസ്റ്ററിന് പകരം അവസാന ഒരു സെമസ്റ്റർ പരീക്ഷ എഴുതിയാൽ മതി, വിദ്യാർത്ഥിക്ക് തിരക്കാണെങ്കിൽ അതും വേണ്ട, പരീക്ഷ എഴുതാനും സ്ഥാപനത്തിന് ആളുണ്ട്. ആറ് സെമസ്റ്ററിലെയും സർട്ടിഫിക്കറ്റും കിട്ടും.

കാശിനനുസരിച്ച് സർവകലാശാലാ സർട്ടിഫിക്കറ്റുകൾ

കാപ്പിറ്റൽ യൂണിവേഴ്സിറ്റി, രവീന്ദ്രനാഥ ടാഗോർ യൂണിവേഴ്സിറ്റി, സിങ്കാനിയ യൂണിവേഴ്സിറ്റി, തുടങ്ങിയ ഉത്തരേന്ത്യൻ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റാണ് സ്ഥാപനം നൽകുന്നത്. സർട്ടിഫിക്കറ്റ് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം വന്നാൽ നിയമക്കുരുക്കിൽ പെടില്ല എന്നും സ്ഥാപനം ഉറപ്പ് നൽകുന്നുണ്ട്. ഇത്തരത്തിലുളള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പിഎസ്എസ്സിയിലൂടെ നിയമനം ലഭിച്ചവരും വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ജോലി ചെയ്യുന്നവരും ഉണ്ടെന്നും ഈ സ്ഥാപനം അവകാശപ്പെടുന്നു.

കഷ്ടപ്പെട്ട് പഠിച്ച് നേടിയ സർട്ടിഫിക്കറ്റുകൾക്ക് വിലയില്ലേ?

മൂന്ന് വർഷം കഷ്ടപ്പെട്ട് പഠിച്ച് ഡിഗ്രിയെടുക്കുന്ന കുട്ടികളുള്ള നാട്ടിലാണ് പണത്തിന്റെ ബലത്തിൽ ആറ് മാസം കൊണ്ട് സർട്ടിഫിക്കറ്റുകൾ നൽകുന്ന സമാന്തര സർവകലാശാല സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. വലിയ രീതിയിൽ പരസ്യം നൽകി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ എങ്ങനെ ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്നു എന്നതിൽ കാര്യക്ഷമമായ അന്വേഷണങ്ങൾ ഒന്നും നടക്കാറുമില്ല.

തുല്യതാ സർട്ടിഫിക്കറ്റിന് കടമ്പകളേറെയുണ്ട്, സർട്ടിഫിക്കറ്റുകൾ വ്യാജം- ഉന്നതവിദ്യാഭ്യാസ വകുപ്പ്

ഇത്തരത്തിൽ ആറ് മാസം കൊണ്ട് ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുമെങ്കിൽ അത് തട്ടിപ്പാണെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കുന്ന മറുപടി. ഇത്തരം സ്ഥാപനങ്ങൾക്കെതിരേ നേരിട്ട് അന്വേഷണം നടത്താൻ കഴിയില്ല. പരാതികൾ ലഭിക്കുന്ന മുറയക്ക് അന്വേഷണം നടത്തേണ്ടത് പോലീസ് ആണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.

കേരളത്തിലെ സർവകലാശാലകളിൽ പോയാലും തുല്യതാ സർട്ടിഫിക്കറ്റുകൾ കിട്ടമെന്ന പ്രചരണത്തിൽ വീഴരുതെന്നാണ് വിദ്യാഭ്യാസ വിദഗ്ധരും പറയുന്നത്. കോഴ്സിനെ കുറിച്ച് പൂർണമായും അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് പ്രത്യേക കമ്മിറ്റി തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകാറുള്ളൂ. ഏതെങ്കിലും തരത്തിലുളള അന്വേഷണം വന്നാൽ കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റികളായതിനാൽ അന്വേഷണം ഏതെങ്കിലും വിധം ഒതുക്കി തീർക്കാമെന്ന ധൈര്യത്തിന്റെ പിൻബലത്തിലാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button