തലശേരി ജനറല്‍ ആശുപത്രിയില്‍ രോഗി ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി

കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ രോഗി ആക്രമിച്ചതായി പരാതി. അപകടത്തിൽ പരുക്കേറ്റ് ചികിത്സക്കെത്തിച്ച പാലയാട് സ്വദേശി മഹേഷിനെതിരെയാണ് പരാതി. ഇയാളെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
തലശേരി കൊടുവള്ളിയിൽവച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ പാലയാട് സ്വദേശി മഹേഷിനെ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ ഇയാളെ പരിശോധിക്കുന്നതിനിടെ ഡോക്ടർ അമൃത രാഗിയെ കൈ കൊണ്ട് അടിച്ചെന്നാണ് പരാതി. മർദനം ചോദ്യചെയ്തപ്പോൾ അസഭ്യം പറഞ്ഞു.
മഹേഷ് മദ്യപിച്ചിരുന്നതായും ഡോക്ടർ പറഞ്ഞു. മഹേഷിനെതിരെ ആശുപത്രി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. മർദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്താൽ, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും ചുമത്തി. ഇയാളുടെ അറസ്റ്റ് രേഖപെടുത്തിയെങ്കിലും അപകടത്തിൽ പരിക്കുള്ളതിനാൽ ആശുപത്രിയിൽ നിന്ന് മാറ്റിയിട്ടില്ല. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരെയും ഇയാൾ ഭീഷണിമുഴക്കുന്നുണ്ടായിരുന്നു.
