സുധാകരൻ ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകണം; വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പണം തട്ടിപ്പ് കേസിൽ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയ കെ സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നുവെങ്കിലും സാവകാശം വേണമെന്ന് സുധാകരൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാവകാശം അനുവദിച്ച് ക്രൈംബ്രാഞ്ച് പുതിയ തീയതി നൽകിയത്
കേസുമായി ബന്ധപ്പെട്ട് പരാതിക്കാർ നാളെ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ കൈമാറുമെന്നാണ് വിവരം. അതേസമയം കേസുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും എങ്ങനെ പ്രതിയായെന്ന് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സുധാകരൻ ഇന്നലെ പ്രതികരിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.
