
എറണാകുളം സി.പി.എമ്മിൽ കടുത്ത നടപടി. കേരള ബ്ലാസ്റ്റേഴ്സ് സിലക്ഷൻ ട്രയൽസ് തടസ്സപ്പെടുത്തിയ പി.വി. ശ്രീനിജിൻ എംഎൽഎയെ എറണാകുളം ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കും. മിനി കൂപ്പർ വിവാദത്തിൽ ഉൾപ്പെട്ട സി.എ.ടി.യു. നേതാവ് പി.കെ. അനിൽ കുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കി. ജില്ലാ സെക്രട്ടറി സി.എൻ മോഹനനെ കേരള പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കി.
വിവാദങ്ങൾ സൃഷ്ടിക്കുകയും, പാർട്ടിയ്ക്ക് കളങ്കം വരുത്തുകയും ചെയ്ത നേതാക്കൾക്കെതിരെ കടുത്ത നടപടിയാണ് നേതൃത്വം കൈകൊണ്ടത്. എറണാകുളം ജില്ലയിൽ പാർട്ടിയിൽ നടക്കുന്ന വിഭാഗിയ പ്രവർത്തനങ്ങളെ നേതാക്കാളുടെ സാനിധ്യത്തിൽ ജില്ല സെക്രട്ടറിയേറ്റിലും, ജില്ല കമ്മിയിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. പി.വി ശ്രീനിജൻ എം.എൽ.എ യോട് സ്ഥാനമൊഴിയാനാണ് പാർട്ടി നിർദ്ദേശം. സ്പോട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തിരുന്ന് ശ്രീനിജീൻ നിർന്തരം ശല്യമാകുന്നു എന്നാണ് വിലയിരുത്തൽ. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ബ്ലാസ്റ്റേഴ്സ് സിലക്ഷൻ ട്രയൽസ് തടസപ്പെടുത്തിയത്. മിനി കൂപ്പർ വിവാദം ജില്ലയിൽ പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പി.കെ. അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കിയത്.
സി.എൻ. മോഹനനെ കേരള പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റു സ്ഥാനത്തുനിന്ന് നീക്കിയതും ഇതിന്റെ ചുവടു പിടിച്ചാണ്. സി.എൻ. മോഹനൻ, പി വി.ശ്രീനി ജീൻ എന്നിവരുടെ കാര്യത്തിൽ ഒരേ സമയം രണ്ടു സ്ഥാനങ്ങൾ വഹിക്കേണ്ടതില്ലെന്ന ന്യായീകരണമാണ് നടപടി മറയ്ക്കാൻ പാർട്ടി നിരത്തുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുത്തില്ല. തൃക്കാക്കരയിലേതു പോലുള്ള ദുഷ്പ്രവണത മേലിൽ ആവർത്തിക്കരുതെന്ന് എം.വി.ഗോവിന്ദൻ കമ്മറ്റിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പു ചുമതലയിലുണ്ടായിരുന്നിട്ടും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ അന്വേഷണ കമ്മീഷനുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. എ.കെ.ബാലൻ, ടി.പി. രാമകൃഷ്ണൻ എന്നിവരും ജില്ലാ സെക്രട്ടറിയേറ്റിലും, ജില്ലാ കമ്മറ്റിയിലും പങ്കെടുത്തു.
