546 റണ്‍സ് ജയം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കി ബംഗ്ലാദേശ്

മിർപുർ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര വിജയവുമായി ബംഗ്ലാദേശ്. അഫ്ഗാനിസ്താനെ 546 റൺസിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് പുതുചരിത്രമെഴുതിയത്. റൺസിന്റെ അടിസ്ഥാനത്തിൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയമാണ് ബംഗ്ലാദേശിന്റേത്. 662 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 115 റൺസിന് ഓൾഔട്ടായി.
വിജയത്തോടെ നിരവധി റെക്കോർഡുകളാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. റൺസിന്റെ അടിസ്ഥാനത്തിൽ ടെസ്റ്റ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ വിജയമാണിത്. ഇത്രയും വലിയ റൺസിന് ഒരു ഏഷ്യൻ ശക്തിയും ഇതുവരെ വിജയിച്ചിട്ടില്ല. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ധാക്കയിൽ പിറന്നത്.
റൺസിന്റെ അടിസ്ഥാനത്തിൽ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത് ഇംഗ്ലണ്ടാണ്. 1928-ൽ ഓസ്ട്രേലിയയെ 675 റൺസിനാണ് ഇംഗ്ലീഷ് പട തകർത്തത്. പട്ടികയിൽ രണ്ടാമതുള്ളത് ഓസീസാണ്. 1934-ൽ ഇംഗ്ലണ്ടിനെ 562-റൺസിനാണ് കീഴടക്കിയത്.
നേരത്തേ അഫ്ഗാനെതിരേ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 382 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ ആദ്യ ഇന്നിങ്സിൽ 146 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ 425-4 ന് ബംഗ്ലാദേശ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അതോടെയാണ് 662 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം അഫ്ഗാന് മുന്നിലെത്തിയത്. എന്നാൽ 115 റൺസിന് അഫ്ഗാനെ പുറത്താക്കി ബംഗ്ലാദേശ് ചരിത്രവിജയം കരസ്ഥമാക്കി.
