എഐ ക്യാമറയില്‍ ഒളിച്ചുകളി; അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി സര്‍ക്കാര്‍

എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ച വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി സര്‍ക്കാര്‍. സമര്‍പ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് നല്‍കാന്‍ സാധിക്കില്ലെന്നാണ് വ്യവസായവകുപ്പിന്‍റെ നിലപാട്.
ഈ കാണുന്ന എഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ ആയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്നു പറഞ്ഞ് കഴിഞ്ഞ മാസം 19ന് വ്യവസായമന്ത്രി പി.രാജീവ് മാധ്യമങ്ങളെ കണ്ടു. കെല്‍ട്രോണിന് കരാര്‍ കിട്ടിയതടക്കം നടപടിക്രമങ്ങളെല്ലാം ശരിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളതെന്നും മന്ത്രി പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിലെ വ്യവസായവകുപ്പ് ഓഫീസില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ചോദിച്ചപ്പോള്‍ തരാന്‍ പറ്റില്ലെന്നാണ് മറുപടി. കാരണമാണ് വിചിത്രം. റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലത്രെ. പരിശോധിച്ചു വരുന്നതേയുള്ളു. അതിനാല്‍ പകര്‍പ്പ് തരാന്‍ നിര്‍വാഹമില്ലെന്നാണ് വാദം. എങ്കില്‍ പിന്നെ എന്തിനാണ് റിപ്പോര്‍ട്ട് കിട്ടിയ ഉടനെ മന്ത്രി തിടുക്കപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തി എല്ലാം ശരിയാണെന്ന് വാദിച്ചത്. ഭാവിയില്‍ ഇത്തരം പദ്ധതികള്‍ ഉന്നതാധികാര സമിതി പരിശോധിക്കണമെന്ന നിര്‍ദേശമുള്‍പ്പടെ നടപ്പിലാക്കാതെ എല്ലാം അവസാനിപ്പിക്കുകയാണോ സര്‍ക്കാര്‍?
