ഡിവൈഎഫ്ഐയുടെ ചെടിച്ചട്ടി പൊട്ടിച്ചു; മാപ്പുചോദിച്ച് പണവും നല്‍കി അജ്ഞാതന്‍

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസിലെ ചെടിച്ചട്ടി പൊട്ടിച്ചതിൽ ക്ഷമ പറഞ്ഞുള്ള കുറിപ്പും, പകരം ചെടിച്ചട്ടി വാങ്ങാൻ പണവും പങ്കുവച്ച ‘അജ്ഞാത സുഹൃത്തി’നെക്കുറിച്ചുള്ള കുറിപ്പുമായി യുവജന കമ്മിഷൻ മുൻ അധ്യക്ഷയും ഡിവൈഎഫ്ഐ നേതാവുമായ ചിന്ത ജെറോം.
കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസായ യൂത്ത് സെന്ററിലെ ചെടിച്ചട്ടിയാണ് സന്ദർശകരിൽ ആരോ അറിയാതെ പൊട്ടിച്ചത്. പിന്നീട് ഇതിൽ ക്ഷമ പറഞ്ഞുകൊണ്ടുള്ള കുറിപ്പും പകരം ചട്ടി വാങ്ങാനുള്ള പണവും കതകിന്റെ അരികിൽ വച്ചിരുന്നതായി ചിന്ത ഫെയ്സ്ബുക്കിൽ കുറിച്ചു. പൊട്ടിയ ചട്ടിയുടെയും ക്ഷമ പറഞ്ഞുള്ള കുറിപ്പിന്റെയും ചിത്രങ്ങളും ചിന്ത പങ്കുവച്ചിട്ടുണ്ട്.
ചിന്ത ജെറോജിന്റെ കുറിപ്പിന്റെ പൂർണരൂപം
ഇന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസായ യൂത്ത് സെന്ററിൽ എത്തിയപ്പോൾ മുൻവശത്തായി ഒരു ചെടിച്ചട്ടി പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. വാഹനങ്ങൾ നിരന്തരം വന്നു പോകുന്ന ഇടമായതിനാൽ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫിസിൽ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു. അതുകഴിഞ്ഞ് ഇടവേളയിൽ നോക്കിയപ്പോൾ കതകിന്റെ സൈഡിലായി ഒരു കുറിപ്പിൽ പണം പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ടു.
ആ കുറിപ്പിൽ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വച്ചിരുന്നു. ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു അജ്‌ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തിൽ സത്യവും നന്മയും സ്നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്. ആ അജ്ഞാത സുഹൃത്തിന് സ്നേഹം … നന്മകൾ നേരുന്നു.
