kerala

ദീര്‍ഘകാല കരാര്‍ റദ്ദാക്കി; കെഎസ്ഇബിക്ക് പ്രതിദിനം 3 കോടിരൂപ ബാധ്യത

വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതുവഴി വൈദ്യുതി ബോര്‍ഡിന് പ്രതിദിന അധികബാധ്യത മൂന്നുകോടിരൂപ. പ്രതിദിനം യൂണിറ്റിന് നാലുരൂപ ഇരുപത്തിയാറ് പൈസയ്ക്ക് വാങ്ങിയിരുന്ന വൈദ്യുതി, സംസ്ഥാന റഗുലേറ്ററി കമ്മിഷന്റെ ഉത്തവ് കാരണം, ഇപ്പോള്‍ ആറരരൂപ മുതല്‍ എട്ടുരൂപ വരെ നല്‍കിയാണ് കെഎസ്ഇബി വാങ്ങുന്നത്. സ്വകാര്യ വൈദ്യുതി കമ്പനികള്‍ക്ക് കോടികളുടെ ലാഭമുണ്ടാക്കിയ സംസ്ഥാന റഗുലേറ്ററി കമ്മിഷന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

ദീര്‍ഘകാല കരാറിലൂടെ മൂന്ന് കമ്പനികളില്‍ നിന്നാണ് യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി കേരളം എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയാരുന്നപ്പോള്‍ ഇരുപത്തഞ്ചുവര്‍ഷത്തേയ്ക്ക് ഏര്‍പ്പെട്ട കരാര്‍ പ്രകാരമായിരുന്നു ഇത്. സാങ്കേതിക പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ കഴിഞ്ഞമാസം ഈ കരാറുകള്‍ റദ്ദാക്കി. ജാബുവ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ് എന്നീ കമ്പനികളുമായുള്ള കരാറാണ് റദ്ദാക്കിയത്. ഒറ്റയടിക്ക് വൈദ്യുതി കുറഞ്ഞതതുകാരണം കെ.എസ്.ഇ.ബി ലോഡ്ഷെഡിങ്ങിന് കമ്മിഷന്റെ അനുമതി തേടി. ഇതോടെ എഴുപത്തഞ്ചുദിവസത്തേയ്ക്കുകൂടി ഇതേ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കമ്മിഷന്‍ അനുമതി നല്‍കി.എന്നാല്‍ കരാര്‍ റദ്ദാക്കിയതോടെ യൂണിറ്റിന് നാലുരൂപ ഇരുപത്തിയാറു പൈസയ്ക്ക് വൈദ്യുതി നല്‍കാനാകില്ലെന്ന് ഈ കമ്പനികള്‍ അറിയിച്ചു. ഇപ്പോള്‍ കേരളം ആറര രൂപമുതല്‍ എട്ടുരൂപവരെ നല്‍കിയാണ് പ്രതിദിനം പത്തുദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങുന്നത്. ദിവസം രണ്ടര കോടിരൂപ മുതല്‍ മൂന്നുകോടിരൂപയുടെ വരെ അധിക ബാധ്യത. എഴുപത്തഞ്ചുദിവസത്തേയ്ക്ക് കെഎസ്ഇബിയുടെ അധികബാധ്യത ഇരുനൂറ്റിഇരുപത്തഞ്ച് കോടിരൂപ. സ്വകാര്യ കമ്പനികള്‍ക്ക് കോടികളുടെ നേട്ടമുണ്ടാക്കാന്‍ ഒറ്റഉത്തരവിലൂടെ വഴിയൊരുക്കിയ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ ആരോപണമുയര്‍ന്നുകഴിഞ്ഞു.

ഇത് മാത്രമല്ല ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതോടെ ഈ കമ്പനികള്‍ക്ക് നഷ്ടപരിഹാരവും നല്‍കേണ്ടിവരും. വൈദ്യുതി ബോര്‍ഡിന് ഇപ്പോള്‍ വരുന്ന അധികബാധ്യത സ്വാഭാവികമായും ഉപയോക്താക്കളുടെ ചുമലില്‍ത്തന്നെ വീഴുകയും ചെയ്യും. വൈദ്യുതി മേഖലയില്‍ ഏറെവര്‍ഷത്തെ പരിചയസമ്പത്തുള്ള അംഗങ്ങളടങ്ങുന്ന വൈദ്യുതി റഗുലറ്ററി കമ്മിഷന്‍ ഇത്തരമൊരു ബാധ്യത വരുത്തിയത് എന്തിനാണെന്നാണ് ചോദ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button