പുകവലി നിർത്തി കൂട്ടിവച്ചത് 13 ലക്ഷം രൂപ! ആ പണം കൊണ്ട് കാറും വാങ്ങി, ആന്റോയാണ് താരം

പുകവലി നിർത്തിയ പണം കൊണ്ടു വാങ്ങിയ കാർ എവിടെ എന്നു ചോദിക്കുന്നവരോട് ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ പൂത്തറയ്ക്കൽ അറയ്ക്കൽ മാറോക്കി ആന്റോ പറയും, അതാ പോർച്ചിൽ കിടക്കുന്നുവെന്ന്. 13 ലക്ഷം വിലയുള്ള കാർ ആന്റണി വാങ്ങിയതു പുകവലി നിർത്തിയതിലൂടെ കിട്ടിയ പണം കൂട്ടിവച്ചാണ്.
വിലകൂടിയ സിഗരറ്റുകൾ തുടർച്ചയായി ഉപയോഗിച്ചിരുന്ന ആന്റോ, 2002ന്റെ പുതുവത്സരാഘോഷത്തിലാണ് പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കുന്നത്.സിഗരറ്റിനായി ചെലവഴിച്ചിരുന്ന പണം മാസം തോറും 2000 രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതു 2011 ലാണ്.സിഗരറ്റിന്റെ വില കൂടുന്തോറും പ്രതിമാസ നിക്ഷേപവും ഉയർന്നുവന്നു. 2017 ആയപ്പോൾ പ്രതിമാസ നിക്ഷേപം 7000 രൂപയായി. നിക്ഷേപം തുടങ്ങി 10 വർഷത്തിനു ശേഷം കിട്ടുന്ന തുകയ്ക്കു കാർ വാങ്ങണമെന്നും തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്വപ്നം നീണ്ടുപോയി. കഴിഞ്ഞ ഡിസംബറിലാണു 13 ലക്ഷം വിലയുള്ള കാർ വാങ്ങിയത്.
