
ബെംഗളൂരുവില്‍ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ടാക്സി ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ച് യൂബര്‍. യുവതി അനുഭവം ലിങ്ക്ഡ്ഇൻ വഴി പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് കമ്പനി നടപടിയുമായി രംഗത്തെത്തിയത്. ഡ്രൈവറുടെ പേരും ചിത്രവും സഹിതമാണ് യുവതി പോസ്റ്റ് പങ്കുവച്ചത്.
ബിടിഎം സെക്കന്‍ഡ് സ്റ്റേജില്‍ നിന്ന് ജെപി നഗര്‍ മെട്രോയിലേക്ക് ടാക്സി വിളിച്ച യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കൃത്യസമയത്ത് തന്നെ സ്ഥലത്തെത്തിയ ഡ്രൈവര്‍ യാത്ര ആരംഭിക്കും വരെ എല്ലാം സാധാരണഗതിയിലായിരുന്നു എന്നാണ് യുവതി പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ പിന്നീട് യുവാവ് അപരിചിതമായ വഴികള്‍ തിരഞ്ഞെത്ത് വണ്ടിയോടിക്കാന്‍ തുടങ്ങി. ഇക്കാര്യം യുവതി ഡ്രൈവറോട് ചോദിച്ചതോടെ അയാള്‍ തിരിച്ച് യൂബര്‍ ആപ്പ് നിര്‍ദേശിച്ച വഴിയിലൂടെ വണ്ടി ഓടിക്കാന്‍ തുടങ്ങി. എന്നാല്‍ ഡ്രൈവറുടെ പ്രവൃത്തികളില്‍ അസ്വസ്ഥയായ യുവതി തനിക്ക് ലക്ഷ്യസ്ഥാനം എത്തുന്നതിന് മുന്‍പേ വണ്ടി നിര്‍ത്തിച്ച് ഇറങ്ങുകയായിരുന്നു. യുവതി പണം കൊടുത്തതിന് പിന്നാലെ ഡ്രൈവര്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു എന്നും യുവതി കുറിച്ചു. പിന്നാലെ അവിടെ നിന്ന് രക്ഷപ്പെട്ടോടിയ യുവതി അടുത്തുള്ള ആള്‍ക്കൂട്ടത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു എന്നും പോസ്റ്റിലുണ്ട്.
സംഭവം പങ്കുവച്ചതിന് പിന്നാലെ യൂബറില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ താനുമായി ബന്ധപ്പെടുകയും സംഭവത്തില്‍ അന്വേഷണം നടത്തി ഡ്രൈവര്‍ക്കെതിര ഉടനടി നടപടി സ്വീകരിച്ചതായും യുവതി മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.
