ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് 1,25,000 രൂപയുടെ വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു; തട്ടിപ്പിനിരയായി യുവതി

ഇന്നത്തെ കാലത്ത് മിക്കയാളുകളും ഓണ്‍ലൈന്‍ ഷോപ്പിംഗാണ് നടത്താറുള്ളത്. പണ്ടത്തെ അപേക്ഷിച്ച് ഇന്ന് ഓൺലൈനായി വസ്ത്രങ്ങൾ വിൽക്കുന്ന നിരവധി അക്കൗണ്ടുകളുമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ കൂടിയതോടെ ഇതുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരത്തില്‍ തട്ടിപ്പിനിരയായ ഒരു യുവതിയാണ് സോഷ്യല്‍മിഡിയയില്‍ ചര്‍ച്ചയാകുന്നത്.
മെല്‍ എന്ന് പേരുള്ള യുവതിയാണ് തട്ടിപ്പിനിരയായത്. മക്കളുടെ ചിത്രങ്ങള്‍ കാണാനായി അടുത്തിടെയാണ് മെല്‍ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചത്. ജോലിക്ക് പോകുന്ന മകന് ഇടാനായി ഒരു സ്യൂട്ട് വാങ്ങാന്‍ നോക്കുകയായിരുന്ന മെല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പരസ്യം കണ്ടു. ചാൾസ് ടൈർവിറ്റ് എന്ന സ്റ്റോറിൽ കട അവസാനിപ്പിക്കുന്നതിന് മുന്നോടിയായി തുച്ഛമായ നിരക്കില്‍ വസ്ത്രങ്ങള്‍ കൊടുക്കുന്നു എന്ന തരത്തിലുള്ള പരസ്യമാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.
തുച്ഛമായ നിരക്കില്‍ വസ്ത്രങ്ങള്‍ ലഭിക്കുമെന്ന പരസ്യം കണ്ടതോടെ യുവതി അത് വിശ്വസിച്ചു. എല്ലാ ഇനങ്ങൾക്കും 40 ശതമാനം കിഴിവ് എന്നായിരുന്നു ഇന്‍സ്റ്റാഗ്രാം നല്‍കിയിരുന്ന വാഗ്ദാനം. ഓഫര്‍ വിശ്വസിച്ച് വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ഇതിന് മുന്‍പും മറ്റ് ഇൻസ്റ്റാഗ്രാം പരസ്യങ്ങളിൽ യുവതി ക്ലിക്കുചെയ്‌തിരുന്നു, എന്നാല്‍ ഒന്നും വാങ്ങിയിരുന്നില്ല.
വസ്ത്രങ്ങള്‍ വാങ്ങാനായി പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ യുവതി മറ്റൊരു സൈറ്റിലെത്തി. മെൽ തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,200 പൗണ്ട് (ഏകദേശം 1,25,000 രൂപ) വിലമതിക്കുന്ന വസ്ത്രങ്ങളാണ് മകന് വേണ്ടി ഓര്‍ഡര്‍ ചെയ്തത്. ഷർട്ടുകൾ, സ്യൂട്ടുകൾ, സോക്സുകൾ,
എന്നിവയായിരുന്നു ഓര്‍ഡര്‍ ചെയ്ത വസ്ത്രങ്ങള്‍. എന്നാല്‍ പണം നഷ്ടപ്പെട്ടതല്ലാതെ ഓര്‍ഡര്‍ ചെയ്ത വസ്ത്രങ്ങളൊന്നും തന്നെ യുവതിയ്ക്ക് ലഭിച്ചില്ല.
വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിന്‍റെ സ്ഥിരീകരണ ഇമെയിലുകളൊന്നും തന്നെ യുവതിയ്ക്ക് ലഭിച്ചിരുന്നില്ല. മൂന്ന് മുതൽ അഞ്ച് ദിവസം വരെ നോക്കിയിട്ടും വസ്ത്രങ്ങള്‍ വരാത്ത സാഹചര്യത്തില്‍ യുവതി ചാൾസ് ടൈർവിറ്റിന്റെ യഥാർത്ഥ ഉപഭോക്തൃ സേവന നമ്പറുമായി ബന്ധപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് യുവതിക്ക് പറ്റിയ അബദ്ധം മനസിലായത്. തട്ടിപ്പ് വിവരം ബാങ്കിനെ അറിയിച്ചു. പരാതി കാര്യം അവളുടെ പേരിൽ ഇൻസ്റ്റാഗ്രാമിനെ അറിയിക്കുമെന്ന് ബാങ്ക് ജീവനക്കാര്‍ ഉറപ്പുനല്‍കി.
