6 മാസത്തില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് നായകടിയേറ്റു; കുതിച്ച് ഉയര്‍ന്ന് നായകടി കണക്ക്

സംസ്ഥാനത്ത് ഈ വര്‍ഷം നായകടിയേറ്റ് ചികില്‍സ തേടിയവരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ആറുമാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് നായ കടിയേറ്റു. 7 പേര്‍ പേവിഷബാധയേറ്റ് മരിച്ചു. ആറര വര്‍ഷത്തിനിടെ 10 ലക്ഷത്തിലേറെ പേര്‍ക്ക് നായ കടിയേറ്റു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ജാന്‍വിയെന്ന മൂന്നാം ക്ളാസുകാരിയെ സ്വന്തം വീട്ടു മുററത്ത് വച്ച് തെരുവുനായ്ക്കള്‍ കടിച്ചു കീറുന്നത് കണ്ടാണ് കേരളം ഒടുവില്‍ ഞെട്ടിത്തരിച്ചത്. വാര്‍ത്തകളായത് ഇത്തരം അപൂര്‍വം സംഭവങ്ങളാണെങ്കില്‍ തെരുവു നായ്ക്കള്‍ കടിച്ചു കുടഞ്ഞവരുടെ യഥാര്‍ഥ കണക്കുകള്‍ എത്രയോ അധികമാണെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു.
ജനുവരിയില്‍ 22922 പേരാണ് ചികില്‍സ തേടിയത്. ഫെബ്രുവരിയില്‍– 25,359 ഉം മാര്‍ച്ചില്‍ 31,097 ഉം പേര്‍ ചികില്‍സ തേടി. ഏപ്രിലില്‍ 29,183 പേര്‍ക്കും മേയ് മാസത്തില്‍ 28,576 പേര്‍ക്കും നായ കടിയേറ്റു. ജൂണിലെ അനൗദ്യോഗിക കണക്കുകള്‍ 25,000ലേറെ. ദിവസവും ആയിരത്തോളം ഇരകള്‍. വളര്‍ത്തു നായകളുടെ കടിയേറ്റവരുടെ വിവരവും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും 85 ശതമാനവും തെരുവു നായ്ക്കളാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 7 പേര്‍ പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരം, കൊല്ലം,തൃശൂര്‍,കോട്ടയം,പാലക്കാട് ജില്ലകളിലാണ് തെരുവുനായ ആക്രമണങ്ങള്‍ കൂടുതല്‍. 2017ല്‍ 1.35 ലക്ഷത്തില്‍ നിന്ന കണക്കുകള്‍ 2022 ല്‍ രണ്ടരലക്ഷത്തോളമായി ഉയര്‍ന്നു. പേവിഷ പ്രതിരോധ വാക്സീന്‍ ഉപയോഗത്തില്‍ 57 ശതമാനവും പേവിഷ പ്രതിരോധ സിറം ഉപയോഗത്തില്‍ 109 ശതമാനത്തിന്‍റെയുമാണ് വര്‍ധന. നാടെങ്ങും നായകള്‍ വിഹരിക്കുമ്പോള്‍ കേന്ദ്ര നിയമങ്ങളെയാണ് സംസ്ഥാനം പഴിക്കുന്നത്. അനുകൂല തീരുമാനം വരുന്നതുവരെ നായ കടിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ എന്തൊക്കെ ബദല്‍മാര്‍ഗങ്ങള്‍ നടപ്പാക്കി എന്നതാണ് ചോദ്യം.
