അതിര്‍ത്തി ലംഘനം; മത്സ്യബന്ധനത്തിന് പോയ ഏഴ് മലയാളികള്‍ ഇറാനില്‍ അറസ്റ്റില്‍

അജ്മാനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഏഴ് മലയാളികള്‍ ഒരാഴ്ചയായി ഇറാനിലെ ജയിലില്‍. അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ അധികൃതര്‍ ഇവര്‍ പോയ ബോട്ടടക്കം പിടിച്ചെടുത്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ചും പരവൂര്‍ സ്വദേശികളായ രണ്ടു പേരുമാണ് ഇറാനിലെ ജയിലില്‍ ദുരിതമനുഭവിക്കുന്നത്. തടവില്‍ കിടക്കുന്നവരുടെ ഫോണ്‍ സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. എത്രയും വേഗം സര്‍ക്കാര്‍ ഇടപെട്ട് ഇവരെ മോചിപ്പിക്കണമെന്നാണ് ഉറ്റവരുടെ അപേക്ഷ.
അഞ്ചുതെങ്ങ് സ്വദേശി സാജു ജോര്‍ജിന്‍റെ ശബ്ദമാണിത്. 18ന് വൈകിട്ട് അജ്മാനില്‍ നിന്നായിരുന്നു സാജു ഉള്‍പ്പടെയുള്ള 11 അംഗ സംഘം ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയത്. ബോട്ട് ഉടമയായ അറബി ഉള്‍പ്പടെയുള്ളവരെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നു പറഞ്ഞ് ഇറാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സാജുവിന് പുറമെ അഞ്ചുതെങ്ങ് സ്വദേശികളായ ആരോഗ്യരാജ്, ഡെന്നിസണ്‍ പൊലോസ്, സ്റ്റാലിന്‍ വാഷിങ്ടണ്‍, ഡിക്സണ്‍ എന്നിവരും രണ്ട് പരവൂര്‍ സ്വദേശികളും സംഘത്തിലുണ്ട്. ഇവര്‍ക്ക് പുറമെ മൂന്ന് തമിഴ്നാട് സ്വദേശികളും. ഇറാനിലെ ജയിലിലാണ് ഇവരിപ്പോള്‍.
ഇവര്‍ ഇറാന്‍ പൊലീസ് പിടിയിലായ വിവരം തിങ്കളാഴ്ച തന്നെ വീട്ടുകാര്‍ക്ക് ലഭിച്ചു. എന്നാല്‍ ഇവരുമായി സംസാരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു. എന്നാല്‍ ശനിയാഴ്ച സാജു വീട്ടിലേക്ക് ഫോണ്‍ വിളിച്ചതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. യു.എ.ഇ ഇറാന്‍ എംബസികളുമായി അടിയന്തരമായി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ബന്ധപ്പെടണമെന്നാണ് ഉറ്റവരുടെ അപേക്ഷ.
