വ്യാജ സര്‍ട്ടിഫിക്കറ്റ്; തുടരന്വേഷണം ഓറിയോണ്‍ കേന്ദ്രീകരിച്ച്; ഡിജിറ്റല്‍ തെളിവ് പരിശോധിക്കും

കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ്കേസിന്റെ തുടർ അന്വേഷണം ഓറിയോൺ കേന്ദ്രീകരിച്ച് നടത്താൻ അന്വേഷണ സംഘം. വിവിധ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കൊച്ചി പോലീസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകളടക്കം അന്വേഷണസംഘം പരിശോധിക്കും. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് എവിടെയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ നിഖിൽ തോമസും അബിൻ സി.രാജും സർട്ടിഫിക്കറ്റിനായി സമീപിച്ചത് കൊച്ചിയിലെ ഓറിയോൺ എജ്യൂ വിങ്സ് എന്ന സ്ഥാപനത്തെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഓറിയോൺ കേന്ദ്രീകരിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പാലാരിവട്ടം, കലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ സ്ഥാപനം നടത്തിയിരുന്ന ഓറിയോൺ ഉടമ സജു ശശിധരനെതിരെ കൊച്ചിയിൽ 15 കേസുകൾ നിലവിലുണ്ട്.
മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് 40 പേരിൽ നിന്നായി ഒരു ലക്ഷം വീതം തട്ടിയെടുത്തുവെന്ന കേസിൽ ഇയാളെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കലൂരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നിന്ന് കംപ്യൂട്ടറുകളും ഹാർഡ് ഡിസ്കടക്കമുള്ള ഡിജിറ്റൽ രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം സംഘടിപ്പിച്ച നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ പാലാരിവട്ടം പോലീസ് സജുവിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്ത് കോളജ് കവാടത്തിൽ വച്ച് കണ്ടുമുട്ടിയ ഏജന്റ് മുഖേനയാണ് ഓറിയോൺ ഏജൻസിയെ സമീപിച്ചതെന്ന് അബിൻ വെളിപ്പെടുത്തിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഓറിയോണിൽ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഡിജിറ്റൽ രേഖകൾ അടക്കം പരിശോധിക്കേണ്ടതുണ്ട്. കൊച്ചി സിറ്റി പോലീസ് പിടിച്ചെടുത്ത കോടതിയിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ഓറിയോൺ ഉടമ സജുവിനെ പ്രതിചേർത്ത ശേഷം ആയിരിക്കും ഇക്കാര്യത്തിൽ അന്വേഷണസംഘം തുടർന്ന് നടപടികൾ സ്വീകരിക്കുക.
