വീട്ടുപണി ചെയ്തില്ല; മരുമകളെ വെടിവച്ചു കൊന്ന് ഭര്‍തൃമാതാവ്; അറസ്റ്റ്

വീട്ടുപണി ചെയ്യാതിരുന്നതിന് മരുമകളെ വെടിവച്ചു കൊന്ന് ഭര്‍തൃമാതാവ്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകം നടന്ന സമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് വിവരം.
ഉറങ്ങിക്കിടക്കുമ്പോഴാണ് മരുമകള്‍ക്കു നേരെ ഭര്‍തൃമാതാവ് നിറയൊഴിച്ചത്. കോമള്‍ എന്ന യുവതിയുടെ തലയിലാണ് വെടിയേറ്റത്. കൊലയ്ക്കു ശേഷം റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ തോക്ക് ഉപേക്ഷിച്ച് വീട്ടില്‍ മോഷണശ്രമം നടന്നതായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് കോമളിന്റെ ഭര്‍തൃമാതാവ് ചെയ്തത്.
സ്ത്രീധനത്തിന്റെയും കുടുംബമഹിമയുടെയും പേര് പറഞ്ഞ് വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃപിതാവ് തുടങ്ങിയവര്‍ അറസ്റ്റിലായി. സ്ത്രീധന നിരോധന നിയമമടക്കം ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.
