NationalPolitics

ഛത്തീസ്ഗഡ് കോണ്‍ഗ്രസിന് നഷ്ടമായതെങ്ങനെ? മൂന്ന് കാരണങ്ങള്‍

എല്ലാ എക്സിറ്റ് പോള്‍, പ്രീ–പോള്‍ സര്‍വേ പ്രവചനങ്ങളും അപ്രസക്തമാക്കിയാണ് ഛത്തീസ്ഗഡില്‍ ബിജെപി ജയിച്ചുകയറിയത്. ഭൂരിപക്ഷം കുറഞ്ഞാലും കോണ്‍ഗ്രസിന് ഭേദപ്പെട്ട വിജയം ഉണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോളുകളും അഭിപ്രായസര്‍വേകളും പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാക്കളും ഈ പ്രവചനങ്ങള്‍ ആഘോഷിച്ചു. എന്നാല്‍ ബിജെപിയെപ്പോലെ കരുത്തുറ്റ തിരഞ്ഞെടുപ്പുമെഷിനറിയെ കുറച്ചുകണ്ടത് വലിയ അബദ്ധമായെന്ന് തിരിച്ചറിയാന്‍ കോണ്‍ഗ്രസിന് വോട്ടെണ്ണല്‍ ദിനം വരെ കാത്തിരിക്കേണ്ടി വന്നു.

വാഗ്ദാനങ്ങള്‍: നല്‍കിയതും, നടപ്പായതും

പ്രീ–പോള്‍ സര്‍വേകള്‍ പുറത്തുവന്നപ്പോള്‍ത്തന്നെ അപകടം മണത്ത ബിജെപി സ്വന്തം നിലയ്ക്ക് ശേഖരിച്ച ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് തുടങ്ങിയത്. കോണ്‍ഗ്രസ് നേരത്തേ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാലിക്കപ്പെടാത്തത്തില്‍ താഴേത്തട്ടിലുള്ള അതൃപ്തി തിരിച്ചറിഞ്ഞ ബിജെപി അത് ഉപയോഗിച്ചാണ് പ്രകടന പത്രികയും പ്രചാരണ തന്ത്രങ്ങളും ആവിഷ്കരിച്ചത്. വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം12000 രൂപ സാമ്പത്തികസഹായം, കര്‍ഷകത്തൊഴിലാളികള്‍ക്ക് 10000 രൂപ സാമ്പത്തികസഹായം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, ക്വിന്റലിന് 3100 രൂപയ്ക്ക് നെല്ല് സംഭരണം, പാവപ്പെട്ടവര്‍ക്ക് 18 ലക്ഷം വീടുകള്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ നിരത്തി. ബഹളങ്ങളില്ലാതെ താഴേത്തട്ടില്‍ ഈ സന്ദേശം എത്തിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും അവര്‍ ഉപയോഗിച്ചു. ഒപ്പം കോണ്‍ഗ്രസ് കഴിഞ്ഞതവണ നല്‍കിയ വാഗ്ദാനങ്ങളില്‍ നടപ്പാക്കാത്ത കാര്യങ്ങളും ഉയര്‍ത്തിക്കാട്ടി.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ബിജെപി പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും ഉയര്‍ത്തിനിര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ബാഗേലിനെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ബാഗേലിന്റെ മറുപടികള്‍ കൂടിയായതോടെ വിഷയം കത്തിനിന്നു. ഛത്തീസ്ഗഡില്‍ ഉടനീളം ഈ വിഷയം ചര്‍ച്ചയാക്കി നിര്‍ത്താനും ഇതിലൂടെ സാധിച്ചു. ബാഗേലിനെതിരെ ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെക്കൂടി രംഗത്തിറക്കി തിരഞ്ഞെടുപ്പുകളത്തിലും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസിലെ ബാഗേല്‍–ടിഎസ് സിങ്ദേവ് പോര് കൂടിയായതോടെ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായി.

deoandbhagel-03
സാഹു സമുദായവും ജാതി സമവാക്യങ്ങളും
ഛത്തീസ്ഗഡിലെ ഏറ്റവും പ്രബലമായ ഒബിസി വിഭാഗമാണ് സാഹു സമുദായം. സംസ്ഥാനത്തെ ജനസംഖ്യയുടെ 14 ശതമാനത്തോളം വരുന്ന സാഹു വിഭാഗത്തിന് ആകെയുള്ള 90 നിയമസഭാസീറ്റുകളില്‍ 25ലെങ്കിലും നിര്‍ണായക സ്വാധീനമുണ്ട്. സംസ്ഥാനരൂപീകരണത്തിനുശേഷമുള്ള 15 വര്‍ഷം ബിജെപിയെ പിന്തുണച്ച അവര്‍ 2018ല്‍ കോണ്‍ഗ്രസിനൊപ്പം എത്തിയതോടെയാണ് ഭൂപേഷ് ബാഗേല്‍ അധികാരത്തിലെത്തിയത്. കര്‍ഷകരും ഭൂവുടമകളുമായ ഈ സമുദായത്തിന്റെ വിശ്വാസം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ദേശീയതലത്തില്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തെ സമുദായാംഗങ്ങള്‍ സംശയത്തോടെയാണ് കണ്ടത്. ഒപ്പം നെല്ല് സംഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വരുത്തി വീഴ്ചകളും പാര്‍ട്ടിയുടെ സ്വാധീനം ഉലച്ചു. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 9 സാഹു സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയപ്പോള്‍ ബിജെപി 11 പേര്‍ക്ക് സീറ്റ് നല്‍കിയിരുന്നു.

ഭൂപേഷ് ബാഗേല്‍ സര്‍ക്കാര്‍ തുറന്ന ഒബിസി അനുകൂല നിലപാട് സ്വീകരിക്കുന്നത് കണക്കിലെടുത്ത് എസ്ടി വിഭാഗത്തില്‍ നിന്നുള്ള സംസ്ഥാനപ്രസിഡന്റ് വിഷ്ണുദേവ് സായിയെ മാറ്റി ലോക്സഭാംഗം അരുണ്‍ സാഹുവിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ബിജെപി തയാറായതും സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കി. ഇതിനെല്ലാമപ്പുറം തിരിച്ചടികള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധം ഒരുക്കുന്ന ബിജെപി ഇലക്ഷന്‍ മെഷിനറിയെ ചെറുതാക്കിക്കണ്ടതാണ് കോണ്‍ഗ്രസിനേറ്റ ആഘാതത്തിന്റെ ശക്തി കൂട്ടിയത്. ലോക്സഭാതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇത് പാഠമാകുമോയെന്ന് കോണ്‍ഗ്രസിന് മാത്രമേ അറിയൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button