NationalSpot Light

‘തീയില്‍ കുരുത്ത കുതിര; മണ്ണില്‍ മുളച്ച..’; പിണറായിക്ക് വാഴ്ത്തുപാട്ട്; ട്രോള്‍ വര്‍ഷം

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി, അദ്ദേഹത്തിന്റെ ജീവിതം ബാല്യകാലം ചിത്രീകരിച്ചും യൂട്യൂബ് വിഡിയോ ഗാനം. പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാമ് പാട്ട്. പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലില്‍ ‘കേരള സിഎം’ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. നവകേരള സദസ് സൃഷ്ടിച്ച വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പാണ് മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള പുതിയ ഗാനവും അനുബന്ധചര്‍ച്ചകളും. ഗാനത്തിന്‍റെ വരികളും സംഗീതവും തയാറാക്കിയിരിക്കുന്നത് നിശാന്ത് നിളയാണ്. ടി എസ് സതീഷാണ് വിഡിയോ നിർമ്മിച്ചിരിക്കുന്നത്.

രണ്ടുകൂട്ടര്‍ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ഗാനത്തിന്‍റെ തുടക്കം. സംഭാഷണത്തില്‍ വെള്ളപ്പൊക്കവും കോവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ കേരളത്തില്‍ ഉണ്ടായെന്നും അതെല്ലാം മുഖ്യമന്ത്രിയുടെ പ്രശസ്തി വലുതാക്കിയെന്നും പറയുന്നു.
‘പിണറായി വിജയന്‍… നാടിന്റെ അജയ്യന്‍… നാട്ടാർക്കെല്ലാം സുപരിചിതന്‍, തീയില്‍ കുരുത്തൊരു കുതിരയെ… കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ… മണ്ണില്‍ മുളച്ചൊരു സൂര്യനെ… മലയാള നാടിന്‍ മന്നനെ’ എന്നാണ് ഗാനത്തിന്‍റെ വരികള്‍ തുടങ്ങുന്നത്.

പാട്ടിന്‍റെ വരികള്‍ ചിലയിടത്തെങ്കിലും ചിരിയുണര്‍ത്തുന്നതാണ്. ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് ഗാനത്തിൽ പിണറായിക്കുള്ള മറ്റൊരു വിശേഷണം. പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെ ആവിഷ്കരിക്കുന്ന വിഡിയോയുടെ ദൈര്‍ഘ്യം എട്ട് മിനിറ്റാണ്. വിഡിയോ വന്നതിനു പിന്നാലെ വലിയ വിമര്‍ശനവും പരിഹാസവുമാണ് വിഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. സിപിഎമ്മിന്‍റെ അറിവോടെയാണോ ഗാനം പുറത്തിറക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പിണറായി വിജയനെയും പാര്‍ട്ടിയെയും കളിയാക്കി കൊണ്ടുള്ള നിരവധി കമന്‍റുകളുമുണ്ട്. ഇതിനു മുന്‍പും പിണറായി വിജയനെ സ്തുതിച്ചുള്ള ഗാനങ്ങള്‍ പുറത്തിറങ്ങുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button