
ഓണക്കാലത്ത് ഗതാഗത വകുപ്പ് ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. വിവിധ ആർ.ടി ഓഫിസുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഏജന്റുമാരിൽ നിന്ന് കോഴപ്പണം കണ്ടെത്തി. നെടുമങ്ങാട്ട് ഒന്നരലക്ഷവും കൊണ്ടോട്ടിയില്‍ 1,06,000 രൂപയും പിടിച്ചെടുത്തു.
കോന്നി, റാന്നി, പാറശാല, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും പണം പിടിച്ചെടുത്തിട്ടുണ്ട്. ഏജന്റുമാരാണ് ഉദ്യോഗസ്ഥര്ക്കായി പണം പിരിക്കുന്നത്. പണം കവറുകളിലാക്കി സൂക്ഷിക്കുകയായിരുന്നു.വിവിധ ഉദ്യോഗസ്ഥർക്കായി കൈമാറാനായിരുന്നു ഇതെന്നാണ് വിജിലൻസ് നിഗമനം. ലൈസൻസ്, വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നവർ, എൻഫോഴ്സ് മെൻ്റ് തുടങ്ങി സുപ്രധാന കാര്യങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥർ വിജിലൻസ് ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമായിരിക്കും തുടർ നടപടികൾ. 60 ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വ്യകതിപരമായ പരാതികളും വിജിലൻസിനു ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ട് തീരുമാനമാകാത്ത 3000 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇതു എന്തിനു തടഞ്ഞുവെച്ചിരിക്കുന്നുവെന്ന ചോദ്യത്തിനു ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകിയിട്ടില്ല. കോഴപ്പണത്തിനായാണ് ഫയലുകൾ പിടിച്ചു വെച്ചിരിക്കുന്നതെന്നാണ് നിഗമനം. ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണം നടത്തും.
തൃശൂരിൽ ആർ.ടി ഓഫിസുകളിലെ ഫയലുകൾ ഏജൻ്റുമാരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു ഗുരുതര പിഴവായി കണക്കാക്കി ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിനു റിപ്പോർട് നൽകും. ഓപ്പറേഷൻ ജ സൂസ് എന്ന പേരിലുള്ള പരിശോധന ഇന്നലെ പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ഇന്നും തുടരും.
