
വിലക്കയറ്റം ഉയർത്തി കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കി കോൺഗ്രസ്. ഡൽഹി രാംലീല മൈതാനത്ത് ഇന്ന് 11 മണിക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മെഹംഗായി പർ ഹല്ല ബോൽ റാലി നടക്കും. മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയാണ് ലക്ഷ്യം. ഇതേസമയം കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ജമ്മുവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
രാജ്യത്തെ ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിലക്കയറ്റം തന്നെ മോദി സർക്കാരിനെതിരായുള്ള ആയുധമാക്കുകയാണ് കോൺഗ്രസ്. ബ്ലോക്ക് – ജില്ല – സംസ്ഥാന തലങ്ങളിലായി മാസങ്ങളായി തുടരുന്ന സമര പരിപാടികളുടെ സമാപനമാണ്. മെഹംഗായി പർ ഹല്ല ബോൽ റാലി. എല്ലാ പിസിസികളിൽ നിന്നുമായി പതിനായിരക്കണക്കിന് പേർ റാലിക്കെത്തുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. വലിയ സജ്ജീകരണങ്ങൾ തന്നെ രാംലീല മൈതാനത്ത് ഒരുക്കിയിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികൾ തുടരുന്നതിനാലും ഗുലാം നബി ആസാദ് ഉന്നയിച്ച വിമർശനങ്ങളെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ നടക്കുന്നതിനാലും റാലിയിലെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തെ ആകാംക്ഷയോടെയാണ് പ്രവർത്തകർ കാത്തിരിക്കുന്നത്. കോൺഗ്രസ് റാലിയുടെ അതേ സമയത്താണ് ഗുലാം നബി ആസാദ് ജമ്മുവിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുക. ശേഷം കോൺഗ്രസ് വിട്ടെത്തിയവർ അടക്കമുള്ളവരുമായി ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരണ ചർച്ചയും നടത്തും.
